ന്യൂഡൽഹി : 2004 മുതൽ 2014 വരെയുള്ള 10 വർഷക്കാലം യുപിഎ സർക്കാർ ഇന്ത്യയിലെ ജനങ്ങളോട് കാണിച്ച സാമ്പത്തിക വഞ്ചനകൾ വെളിപ്പെടുത്തി കേന്ദ്രസർക്കാർ. യുപിഎ ഭരണകാലത്തെ 10 വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥത വെളിവാക്കുന്ന ധവളപത്രം കേന്ദ്രസർക്കാർ പുറത്തിറക്കി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആണ് ധവളപത്രം ലോക്സഭയിൽ അവതരിപ്പിച്ചത്.
യുപിഎ ഭരണം തുടങ്ങുന്നതിനു മുൻപുള്ള കാലത്ത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ആരോഗ്യകരമായ അവസ്ഥയിലായിരുന്നു. എന്നാൽ 10 വർഷത്തെ ഭരണം കൊണ്ട് യുപിഎ സർക്കാർ അതിനെ തീർത്തും പ്രവർത്തനരഹിതമാക്കുന്ന രീതിയിൽ തകർത്തു കളഞ്ഞു എന്നും ധവളപത്രം വ്യക്തമാക്കുന്നതായി നിർമ്മല സീതാരാമൻ വ്യക്തമാക്കി. മാക്രോ എക്കണോമിക്സിനെ തുരങ്കം വയ്ക്കുന്നതായിരുന്നു യുപിഎ സർക്കാരിന്റെ പ്രവർത്തനങ്ങൾ. 1991 മുതൽ നടപ്പിലാക്കിയിരുന്ന പരിഷ്കാരങ്ങൾ 2004ൽ അവർ ഉപേക്ഷിച്ചു. പൈതൃകമായി കൈവരിച്ചവയെ പോലും തകർത്തു കളയുന്നതായിരുന്നു യുപിഎ സർക്കാരിന്റെ നടപടികൾ എന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.
യുപിഎ സർക്കാരിന്റെ 10 വർഷക്കാലത്തെ സാമ്പത്തിക നടപടികളും മോദി സർക്കാരിന്റെ പത്തുവർഷ കാലത്തെ സാമ്പത്തിക നടപടികളും തമ്മിൽ താരതമ്യം ചെയ്യുന്ന റിപ്പോർട്ടും ധവള പത്രത്തിൽ ഉണ്ട്. പാർലമെന്റിലെ എല്ലാ അംഗങ്ങൾക്കും മനസ്സിലാക്കുന്ന രീതിയിൽ ഹിന്ദിയിലും ഇംഗ്ലീഷിലും ആയാണ് കേന്ദ്ര ധന മന്ത്രി ധവളപത്രം സമർപ്പിച്ചിട്ടുള്ളത്.
യുപിഎ ഭരണകാലത്തെ സാമ്പത്തിക നടപടികൾ വിശദീകരിക്കുന്ന ധവളപത്രപ്രകാരം 2004ൽ വാജ്പേയി സർക്കാരിൽ നിന്നും ഭരണം ഏറ്റെടുക്കുമ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ആരോഗ്യകരമായ അവസ്ഥയിൽ ആയിരുന്നു നിലനിന്നിരുന്നത്. എന്നാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ പണപ്പെരുപ്പം ഇരട്ടിയായി, അമിതമായ വായ്പകൾ നൽകിയതിനെത്തുടർന്ന് ബാങ്കിംഗ് മേഖല തകർന്നു, നിരവധി കുംഭകോണങ്ങൾ വഴി ഖജനാവിന് ഭീമമായ റവന്യൂ നഷ്ടം വരുത്തി, ധന-റവന്യൂ കമ്മി നിയന്ത്രണാതീതമായി എന്നിങ്ങനെയുള്ള നിരവധി വീഴ്ചകളാണ് യുപിഎ സർക്കാരിന് സംഭവിച്ചിട്ടുള്ളത്. ഇവ ഓരോന്നിന്റെയും കൃത്യമായ കണക്കുകൾ വിവരിക്കുന്ന ധവള പത്രമാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ സമർപ്പിച്ചിട്ടുള്ളത്.
Discussion about this post