എറണാകുളം: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കുന്നതിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രോസിക്യൂഷനും എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമയുമാണ് ശിക്ഷ വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാകും ഹർജിയിൽ വിധി പ്രസ്താവിക്കുക.
ഇന്ന് രാവിലെ 10.15 ന് മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ആരോഗ്യമാനസിക നില പരിശോധിച്ചുകൊണ്ടുള്ള റിപ്പോർട്ടും കോടതിയ്ക്ക് മുൻപിൽ ഉണ്ടാകും. ഇത് കോടതി ഇന്ന് പരിശോധിക്കും. ഇതും വാദി-പ്രതിഭാഗങ്ങളുടെ വാദങ്ങളും പരിഗണിച്ചുകൊണ്ടുമായിരിക്കും കോടതിയുടെ ശിക്ഷാ വിധി.
നിലവിൽ പ്രതികൾക്കെല്ലാം ജീവപര്യന്തം തടവാണ് കോഴിക്കോട് വിചാരണ കോടതി വിധിച്ചിട്ടുള്ളത്. ഇ്ത് വർദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഇന്നലെ ഹർജി പരിഗണിച്ച കോടതി പ്രതികളോട് വധശിക്ഷയോ അതിന് തക്കതായ കഠിന ശിക്ഷയോ നൽകാതിരിക്കാൻ കാരണമുണ്ടോയെന്ന് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പ്രോസിക്യൂഷന് അനുകൂല ഉത്തരവ് ഉണ്ടായേക്കുമെന്നാണ് സൂചന.
കേസിലെ പ്രതികളായ ജ്യോതിബാബുവിനെയും കെ കെ കൃഷ്ണനെയും കുറ്റവിമുക്തനാക്കിയത് റദ്ദാക്കിയ ഹൈക്കോടതി, ഇരുവരും ശിക്ഷ അനുഭവിക്കണമെന്ന് വിധിച്ചിരുന്നു. ഇവർക്കുള്ള ശിക്ഷയും കോടതി ഇന്ന് വിധിയ്ക്കും. ഇന്നലെ കെ.കെ കൃഷ്ണൻ കോടതിയിൽ ഹാജരായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജ്യോതിബാബു ഓൺലൈൻ ആയിട്ടാണ് ഹാജരായത്.
അതേസമയം ശിക്ഷ വർദ്ധിപ്പിക്കരുതെന്ന് പ്രതികൾ കോടതിയോട് യാചിച്ചിട്ടുണ്ട്. ശിക്ഷയ്ക്ക് ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഭാര്യയും മക്കളും ഉണ്ടെന്നും കുടുംബം നോക്കണമെന്നുമായിരുന്നു പ്രതികൾ കോടിയോട് പറഞ്ഞത്.
Discussion about this post