ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചൽ പ്രദേശിൽ എത്തിയതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ചൈന. സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സേല തുരങ്കം ഉദ്ഘാടനം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി അരുണാചൽ പ്രദേശിൽ എത്തിയത്.
അരുണാചൽപ്രദേശ് ദക്ഷിണ തിബറ്റ് ആണെന്നും പ്രദേശം ഇന്ത്യ അനധികൃതമായി കയ്യടക്കി വച്ചിരിക്കുകയാണെന്നും ചൈനീസ് വിദേശകാര്യവക്താവ് വാംഗ് വെബിൻ പറഞ്ഞു. അതിനാൽ അരുണാചൽ പ്രദേശിൽ ഇടപെടാനുള്ള ശ്രമം ചൈന എതിർക്കും. അരുണാചൽ പ്രദേശിൽ ഇടപെടാൻ ഇന്ത്യയ്ക്ക് യാതൊരു അവകാശവും ഇല്ലെന്നും വെബിൻ കൂട്ടിച്ചേർത്തു.
അതിർത്തിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ഇന്ത്യയുടെ നിലവിലെ ശ്രമം. ഇതിന് അനുവദിക്കില്ല. ഇന്ത്യൻ നേതാക്കളുടെ അരുണാചൽ പ്രദേശ് സന്ദർശനത്തെ ശക്തമായി എതിർക്കുന്നുവെന്നും വാംഗ് പറഞ്ഞു.
നേരത്തെയും നിരവധി തവണ അരുണാചൽ പ്രദേശ് തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് ചൈന രംഗത്ത് വന്നിരുന്നു. അപ്പോഴെല്ലാം തക്ക മറുപടി ആയിരുന്നു ഇന്ത്യ നൽകിയത്. സംസ്ഥാനത്ത് ഇടപെടാനുളള ചൈനയുടെ നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകാറുള്ളത്. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെ എതിർത്ത് ചൈന രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post