ബംഗളൂരു : രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനെയാണ് എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാമേശ്വരം കഫേയിൽ ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞിട്ടുള്ളതായി എൻഐഎ വ്യക്തമാക്കി.
ബംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടന്ന് 28 ദിവസങ്ങൾക്ക് ശേഷമാണ് കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്. കർണാടക സ്വദേശിയായ മുസമ്മിൽ ഷെരീഫ് ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇയാളാണ് സ്ഫോടനം ആസൂത്രണം ചെയ്തത് എന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. മുസവിർ ഷഫീഖ് ഹുസൈൻ എന്നയാളാണ് കഫേയിൽ ബോംബ് സ്ഥാപിച്ചതെന്നും എൻഐഎ അറിയിച്ചു. ഒളിവിൽ പോയിരിക്കുന്ന ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും അന്വേഷണസംഘം വ്യക്തമാക്കി.
മുസമ്മിൽ ഷെരീഫിനോപ്പം സ്ഫോടനം ആസൂത്രണം ചെയ്ത മറ്റൊരു വ്യക്തിയായ അബ്ദുൾ മദീൻ താഹയ്ക്ക് വേണ്ടിയും എൻഐഎ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മാർച്ച് ഒന്നിനായിരുന്നു ബംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിൽ സ്ഥിതിചെയ്യുന്ന രാമേശ്വരം കഫേയിൽ ബോംബ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ10 പേർക്ക് പരിക്കേറ്റിരുന്നു. മാർച്ച് മൂന്നിന് ആയിരുന്നു കേസ് എൻഐഎ ഏറ്റെടുക്കുന്നത്.
Discussion about this post