യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമിയിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്ക് തോൽവി. എവേ പോരാട്ടത്തിൽ ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോട്ട്മുണ്ടാണ് പിഎസ്ജിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. 36 ആം മിനിറ്റിൽ ഡോട്ട്മുണ്ട് നേടിയ ഗോളാണ് എംബാപ്പെയുടെ ടീമിന്റെ തോൽവിക്ക് വഴിവെച്ചത്.
മികച്ചൊരു ഇടങ്കാലൻ ഷോട്ടിലൂടെ നിക്ലസ് ഫുൽക്രഗാണ് ബൊറൂസിയ ഡോട്ട്മുണ്ടിനായി സ്കോർ ചെയ്തത്. സ്ലോട്ടർബെക്കിന്റെ ലോങ്ങ് ബോൾ സ്വീകരിച്ചതിന് ശേഷമായിരുന്നു ഫുൽക്രഗിന്റെ സ്ട്രൈക്ക്. ആദ്യ പകുതിയിൽ ഉഴപ്പി കളിച്ച പിഎസ്ജി, സെക്കന്റ് ഹാഫിൽ ഗോൾ മടക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
കിലിയൻ എംബാപ്പെയും അഷ്റഫ് ഹക്കീമിയും ഗോളിനടുത്ത് എത്തിയെങ്കിലും ഡോട്ട്മുണ്ടിന്റെ വല കുലുക്കാനായില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ എത്തിയ ജേഡൻ സാഞ്ചോ ബൊറൂസിയ ഡോട്ട്മുണ്ടിനായി ഉജ്ജ്വല പ്രകടനം പുറത്തെടുത്തു. സാഞ്ചോയുടെ ഒരു തകർപ്പൻ പാസ് മുതലാക്കി ഗോൾ നേടാൻ നിക്ലസ് ഫുൾക്രഗ് ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.
പന്ത് കൂടുതൽ കൈവശം വെച്ച് കളിച്ചത് പിഎസ്ജിയായിരുന്നു. എന്നാൽ, അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും ഏതാണ്ട് ഒപ്പത്തിനൊപ്പം നിന്നു. നിർണായകമായ പിഎസ്ജി-ഡോട്ട്മുണ്ട് രണ്ടാം പാദ സെമി ഈ മാസം എട്ടിന് നടക്കും. ചാമ്പ്യൻസ് ലീഗ് ഫൈനൽ ബെർത്ത് തീരുമാനിക്കുന്ന രണ്ടാം പാദ സെമി പിഎസ്ജിയുടെ ഹോം ഗ്രൗണ്ടിലാണ്.
Discussion about this post