യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് ബൊറൂസിയ ഡോട്ട്മുണ്ട് പോരാട്ടം. ആവേശകരമായ സെമി ഫൈനലിൽ ബയേൺ മ്യൂണിക്കിനെ മറികടന്നാണ് റയൽ കലാശപ്പോരിന് അർഹത നേടിയത്. സാന്റിയാഗോ ബെർണബൂവിൽ അരങ്ങേറിയ രണ്ടാംപാദ സെമിയിൽ ബയേണിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് കീഴടക്കിയത്. ഇരു പാദങ്ങളിലുമായി 4-3ന്റെ അഗ്രിഗേറ്റ് സ്കോറിനാണ് കാർലോ ആൻസലോട്ടിയുടെ ടീം ജർമ്മൻ വമ്പന്മാരെ വീഴ്ത്തിയത്.
സാന്റിയാഗോ ബെർണബൂവിലെ രണ്ടാംപാദ സെമി ആവേശകരമായിരുന്നു. ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചു. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കം മുതൽ ഇരു ടീമുകളും കൂടുതൽ അറ്റാക്ക് ചെയ്ത് കളിച്ചു. 68 ആം മിനിറ്റിൽ അൽഫോൺസോ ഡേവിസ് ബയേൺ മ്യൂണിക്കിനെ മുന്നിൽ എത്തിച്ചു. സൂപ്പർ താരം ഹാരി കെയ്നിന്റെ അസിസ്റ്റിൽ നിന്നാണ് ഡേവിസ് സ്കോർ ചെയ്തത്.
ലീഡ് വഴങ്ങിയതോടെ സ്വന്തം കാണികൾക്ക് മുന്നിൽ റയൽ മാഡ്രിഡ് ഒന്ന് പരുങ്ങി. ഒടുവിൽ സൂപ്പർ സബ് ഹൊസേലു നേടിയ രണ്ട് ലേറ്റ് ഗോളുകൾ ലോസ് ബ്ലാങ്കോസിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. 88 ആം മിനിറ്റിൽ ഹൊസേലു സമനില ഗോൾ സ്കോർ ചെയ്തു. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ അന്റോണിയോ റുഡിഗറുടെ അസിസ്റ്റിൽ നിന്ന് ഹൊസേലു റയലിന്റെ വിജയഗോൾ സ്വന്തമാക്കി. പിരിമുറുക്കത്തിനൊടുവിൽ സാന്റിയാഗോ ബെർണബു ആർത്തിരമ്പി.
സീസണിൽ ഒറ്റ കിരീടം പോലുമില്ലാതെയാണ് ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് കളി അവസാനിപ്പിക്കുന്നത്. ടോട്ടൻഹാമിൽ നിന്ന് കിരീടം മോഹിച്ച് ബയേണിലേക്ക് ചേക്കേറിയ ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി കെയ്നിന് പുതിയ ക്ലബ്ബിലെ ആദ്യ സീസൺ നിരാശാജനകമായി മാറി. ലാ ലിഗ കിരീടം സ്വന്തമാക്കിയ സ്പാനിഷ് ഫുട്ബോൾ ചക്രവർത്തിമാരായ റയൽ മാഡ്രിഡ് പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ലണ്ടനിൽ ജൂൺ രണ്ടിനാണ് റയൽ മാഡ്രിഡ് ബൊറൂസിയ ഡോട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടം.
Discussion about this post