സ്പാനിഷ് ഇതിഹാസ താരം സാവിയെ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കി. സാവിക്ക് പകരം ജർമ്മൻ പരിശീലകൻ ഹാൻസി ഫ്ളിക്കിനെ ബാഴ്സയുടെ ഹെഡ് കോച്ചായി നിയമിച്ചു. പരിശീലകൻ എന്ന നിലയിലുള്ള സാവിയുടെ ചുമതല അവസാനിച്ചതായി ക്ലബ് പ്രസിഡന്റ് ജൊവാൻ ലാപോർട്ട അറിയിച്ചു.
സാവിയുമായി ജൊവാൻ ലാപോർട്ടയും ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ഡെക്കോയും ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കോച്ചിനെ നിയമിക്കുന്ന കാര്യം ഇരുവരും സാവിയെ അറിയിച്ചത്. ബയേൺ മ്യൂണിക്കിന്റെ കോച്ച് ആയിരുന്ന ഹാൻസി ഫ്ളിക്ക് പിന്നീട് ജർമ്മൻ ദേശീയ ടീമിനെയും പരിശീലിപ്പിച്ചിരുന്നു.
കഴിഞ്ഞ ലോകകപ്പിലെയും പിന്നീട് നടന്ന സൗഹൃദ മത്സരങ്ങളിലെയും ജർമ്മനിയുടെ മോശം പ്രകടനത്തെ തുടർന്ന് ഫ്ളിക്കിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. ബയേൺ മ്യൂണിക്ക് കോച്ചായിരിക്കെ ചാമ്പ്യൻസ് ലീഗും ബുണ്ടസ് ലിഗയും നേടിയ ഹാൻസി ഫ്ളിക്ക് ക്ലബ് ഫുട്ബോൾ വിദഗ്ധനായാണ് അറിയപ്പെടുന്നത്.
റൊണാൾഡ് കൂമാന് പകരം 2021ൽ ബാഴ്സലോണയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത സാവിക്ക് ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് നേടി കൊടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ സീസണിൽ ബാഴ്സയ്ക്ക് ലാ ലിഗ കിരീടം സമ്മാനിക്കാൻ സാവിക്ക് സാധിച്ചിരുന്നു. ബാഴ്സലോണയുടെ ഇതിഹാസ മിഡ്ഫീൽഡറായിരുന്നു സാവി ഹെർണാണ്ടസ് എന്ന സാവി.
Discussion about this post