റോം : ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കായി ഇറ്റലിയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 2021ൽ വത്തിക്കാനിൽ വച്ച് നടത്തിയ കൂടിക്കാഴ്ചക്ക് മൂന്നുവർഷങ്ങൾക്ക് ശേഷമാണ് മോദി വീണ്ടും മാർപാപ്പയെ സന്ദർശിക്കുന്നത്. ഇന്ത്യ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയെ ക്ഷണിച്ചു.
മനുഷ്യർക്ക് നൽകുന്ന സേവനങ്ങളിലൂടെ ഭൂമിയെ മികച്ചതാക്കി മാറ്റുന്ന മാർപാപ്പയുടെ പ്രതിബദ്ധതയെ താൻ ആദരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ഫ്രാൻസിസ് മാർപാപ്പ എ ഐ സാങ്കേതികവിദ്യ ഉയർത്തുന്ന അപകട സാധ്യതകളെക്കുറിച്ച് അടക്കം നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ജി 7 നേതാക്കളെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ.
ജി7 ഉച്ചകോടി നടക്കുന്ന അപുലിയയിലെ വേദിയിലേക്ക് വീൽചെയറിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പയെ ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനി ആണ് വേദിയിലേക്ക് ആനയിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, യൂറോപ്യൻ പാർലമെൻ്റ് മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുമായും ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി.
Discussion about this post