മനുഷ്യകുലത്തിന്റെ ആകാശകൗതുകകൾക്ക് ഉത്തരമേകാൻ ഏറെ സഹായിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐഎസ്എസ്) അരങ്ങൊഴിയുന്നു. ബഹിരാകാശ നിലയത്തിന്റെ കാലാവധി 2030 ഓടുകൂടി അവസാനിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സുരക്ഷിതമായി ഭ്രമണപഥത്തിൽനിന്ന് മാറ്റാനും ഭൂമിയിൽ ഇടിച്ചിറക്കാനും സ്വകാര്യ ബഹിരാകാശ സാങ്കേതികവിദ്യ കമ്പനിയായ സ്പേസ് എക്സിന് കരാർ നൽകിയിരിക്കുകയാണിപ്പോൾ നാസ. സ്പേസ് എക്സ് വികസിപ്പിക്കുന്ന പേടകത്തിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും നാസയ്ക്കായിരിക്കും.
84.3 കോടി ഡോളറിന്റെ (7035 കോടി രൂപയുടെ) കരാറാണ് സ്പേസ് എക്സിന് ഇതിനായി നൽകിയിരിക്കുന്നത്. 30 ടണ്ണോളം ഭാരം വരുന്ന നിലയത്തെ പസിഫിക് സമുദ്രത്തിലേക്കു തള്ളിയിടാൻ കരുത്തുള്ള വാഹനം മസ്കിന്റെ കമ്പനി നിർമിക്കും.ഭൂമിയുടെ അന്തരീക്ഷത്തിലേക്കു തിരിച്ചുവരുമ്പോൾ നിലയത്തിന്റെ വലിയൊരു പങ്കും കത്തിയമരും. എങ്കിലും ബാക്കി ആളപായമുണ്ടാക്കാത്ത വിധം സമുദ്രത്തിൽ വീഴുന്ന തരത്തിലായിരിക്കും ക്രമീകരണമെന്നാണു കരുതുന്നത്.
വരും വർഷങ്ങളിൽ നാസയും സഖ്യരാജ്യങ്ങളും അന്താരാഷ്ട്ര ബഹികാകാശ നിലയത്തിലെ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി അവസാനിപ്പിക്കും. ഫുട്ബോൾ മൈതാനത്തിന്റെ വലുപ്പവും 4,30000 കിലോഗ്രാം ഭാരവും വരുന്ന വരുന്ന നിലയം യുഎസ്, റഷ്യ എന്നിവിടങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞരാണ് പ്രധാനമായും നിയന്ത്രിക്കുന്നത്.
യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ റഷ്യയും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിൻവാങ്ങുമെന്ന ഭീഷണിയുമായി റഷ്യ രംഗത്തെത്തിയതിന് പിന്നാലെയാണ് ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനവും അവസാനിപ്പിക്കാൻ ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുപ്രധാനമായൊരു സംഭവമായിരിക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഡീഓർബിറ്റിങ്.
1998ൽ റഷ്യയുടെ പ്രോട്ടോൺ റോക്കറ്റാണ് സ്പേസ് സ്റ്റേഷൻ നിർമാണത്തിനുള്ള ആദ്യ മൊഡ്യൂൾ ബഹിരാകാശത്തെത്തിച്ചത്.15 വർഷം വരെ പ്രവർത്തിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പിന്നീട് പലതവണ നിലയത്തിന്റെ കാലാപരിധി നീട്ടി. ഒടുവിൽ 2030 വരെ പ്രവർത്തനം തുടരാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച്ിരിക്കുകയാണ് ഐഎസ്ആർഒ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂളുകൾ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞിരുന്നു.2035 ഓടുകൂടി ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രവർത്തനമാരംഭിക്കാനുള്ള ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിനായുള്ള സാങ്കേതിക വിദ്യകൾ ഐഎസ്ആർഒ വികസിപ്പിച്ചെടുക്കാൻ തുടങ്ങി.ലോ എർത്ത് ഓർബിറ്റിലാണ് നിലയം സ്ഥാപിക്കുക. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്ന് വിളിക്കുന്ന ഈ ബഹിരാകാശ നിലയത്തിൽ തുടക്കത്തിൽ രണ്ട് മുതൽ നാല് പേർക്ക് വരെ കഴിയാനാവും
Discussion about this post