ന്യൂഡൽഹി: ധീരോദാത്തമായ സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ച ധീരസൈനികൻ കീർത്തിചക്ര ക്യാപ്ടൻ അൻശുമാൻ സിംഗിന്റെ വിധവയെ കുറിച്ച് സാമൂഹിക മാദ്ധ്യമത്തിലൂടെ അപമാനകരമായ പരാമർശം നടത്തിയ ഡൽഹി സ്വദേശിക്കെതിരെ കർശന പോലീസ് നടപടിക്ക് ശുപാർശ ചെയ്ത് ദേശീയ വനിതാ കമ്മീഷൻ. അഹമ്മദ് കെ എന്ന വ്യക്തിക്കെതിരെ എത്രയും വേഗം നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസിന് നിർദ്ദേശം നൽകിയതായി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ വ്യക്തമാക്കി.
അൻശുമാൻ സിംഗിന്റെ വിധവയുടെ ചിത്രം ദുരുപയോഗം ചെയ്താണ് അഹമ്മദ് അപമാനകരമായ പരാമർശം നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഡൽഹി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 79, ഐടി വകുപ്പിലെ സെക്ഷൻ 67 എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നത്. പ്രതിയുടെ പെരുമാറ്റം പരിഷ്കൃതമായ ഒരു സമൂഹത്തിന് യാതൊരു വിധത്തിലും ഭൂഷണമല്ലെന്നും ഇയാളെ പോലെയുള്ളവർ രാജ്യത്തിനും ഭാരതീയ സ്ത്രീത്വത്തിനും മനുഷ്യകുലത്തിനും തന്നെ അപമാനമാണെന്നും രേഖ ശർമ്മ ഡൽഹി പോലീസിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നു. പരമാവധി ആറ് വർഷം തടവും 10 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
2023 ജൂലൈ 19ന് സിയാച്ചിനിലെ സൈനിക ആയുധപ്പുരയിലുണ്ടായ അഗ്നിബാധയിൽ നിന്നും അഞ്ചോളം സഹപ്രവർത്തകരുടെ ജീവൻ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റായിരുന്നു മെഡിക്കൽ ഓഫീസറായിരുന്ന ക്യാപ്ടൻ അൻശുമാൻ സിംഗ് വീരമൃത്യു വരിച്ചത്. പിന്നീട് രാജ്യം മരണാനന്തര സൈനിക ബഹുമതിയായ കീർത്തിചക്ര നൽകി അദ്ദേഹത്തെ ആദരിക്കുകയായിരുന്നു.
Discussion about this post