ന്യൂഡൽഹി : 2020 മെയ് മാസത്തിൽ എൽഎസിയിൽ തർക്കം ആരംഭിച്ചതിന് ശേഷം ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളെക്കുറിച്ചുള്ള വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ (ഡബ്ല്യുഎംസിസി) തങ്ങളുടെ പതിനാറാമത്തെ യോഗം ന്യൂഡൽഹിയിൽ വച്ച് ചേർന്നു.
നയതന്ത്ര ചർച്ചകൾക്കിടെ യഥാർത്ഥ നിയന്ത്രണരേഖയിൽ (എൽഎസി) സമാധാനവും ശാന്തതയും ഉയർത്തിപ്പിടിക്കാൻ ഇന്ത്യയും ചൈനയും ബുധനാഴ്ച തമ്മിൽ ധാരണയായി.
ചർച്ചകളെ “ആഴത്തിലുള്ളതും ക്രിയാത്മകവും ദീർഘ വീക്ഷണത്തോടു കൂടിയതും ” എന്നാണ് യോഗം വിശേഷിപ്പിച്ചെങ്കിലും, കൂടുതൽ വിശദാംശങ്ങൾ നൽകാൻ തയ്യാറായില്ല . സ്ഥാപിതമായ നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ഇപ്പോൾ ഉരുത്തിരിഞ്ഞു വന്ന നല്ല മുന്നേറ്റം നിലനിർത്താനും ഇരുപക്ഷവും ധാരണയിലെത്തി.
ഇരു സർക്കാരുകളും തമ്മിലുള്ള പ്രസക്തമായ ഉഭയകക്ഷി കരാറുകൾ, പ്രോട്ടോക്കോളുകൾ, ധാരണകൾ എന്നിവയ്ക്ക് അനുസൃതമായി അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തതയും സംയുക്തമായി ഉയർത്തിപ്പിടിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം ചർച്ചയ്ക്ക് ശേഷം പ്രസ്താവനയിൽ പറഞ്ഞു.
മാർച്ച് 28 ന് ബീജിംഗിലാണ് സമിതി അവസാനമായി യോഗം ചേർന്നത്. ഈ മാസം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് കൗൺസിലർ വാങ് യിയും തമ്മിലുള്ള രണ്ട് കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ബുധനാഴ്ചത്തെ ചർച്ചകൾ നടന്നത്.
യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി വലിയ തോതിൽ ചൈന സൈനിക വിന്യാസം നടത്തിയതിനെ തുടർന്നാണ് ഇന്ത്യയ്ക്കും ചൈനക്കും ഇടയിൽ സംഘർഷം ആരംഭിച്ചത്. എന്നാൽ അടുത്ത കുറച്ചു കാലമായി അന്താരാഷ്ട്ര വേദികളിൽ ഇരു രാജ്യങ്ങളും സംയമനത്തോട് കൂടിയുള്ള പരാമർശങ്ങളാണ് നടത്തി വരുന്നത്. അതിർത്തി തർക്കം എത്രയും പെട്ടെന്ന് തീർക്കണം എന്നതാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയിരുന്നു.
Discussion about this post