ഡല്‍ഹി : സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന ആര്‍ട്ടിക്കിള്‍ 377 കാലഹരണപ്പെട്ട നിയമമാണെന്ന് ജീവന കലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍.രാജ്യത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ടു കൊണ്ടുപോകുന്ന നിയമമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ വ്യക്തിപരമായ തെരഞ്ഞെടുക്കലുകളാണെന്നും മതവും ആത്മീയതയും ഭയത്തെ അടിസ്ഥാനപ്പെടുത്തി നില്‍ക്കേണ്ട ഒന്നല്ല എന്നും ശ്രി ശ്രീ വ്യക്തമാക്കി. പിന്തുടര്ന്നു വരുന്നത് അനാചാരമായാലും ദൈവത്തെ പേടിച്ച് നടപ്പാക്കുന്നത് ധാര്‍മ്മികതയല്ല . അനാചാരങ്ങള്‍ ഒഴിവാക്കിയാല്‍ ദൈവം കോപിക്കില്ലെന്ന് മതനേതാക്കള്‍ മനസ്സിലാക്കണമെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.ഒരു ദേശീയമാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങല്‍ വ്യക്തമാക്കിയത്.
നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന് രാഷ്ട്രീയ നേതാക്കള്‍ സധൈര്യം തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ചില രാഷ്ട്രീയ നേതാക്കന്മാര്ക്ക് ഇക്കാര്യത്തില്‍ ധീരമായ നിലപാടുണ്ട് . എന്നാല്‍ മറ്റ് ചിലര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം മൗനം ഭജിക്കുകയാണ്.സാമൂഹിക അനാചാരങ്ങളെപ്പറ്റിയും അസമത്വങ്ങളെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കേണ്ടത് നവോത്ഥാന നായകന്മാരുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലങ്ങളായി തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ക്ക് കാലോചിതമായ പരിഷ്കാരങ്ങള്‍ ആവശ്യമാണ് . ഹിന്ദു തത്വസംഹിത അതനുവദിക്കുന്നുമുണ്ട് . ഹിന്ദു തത്വസംഹിത ലിംഗസമത്വത്തെ അംഗീകരിക്കുന്നു . ലിംഗവിവേചനം ഹിന്ദു നീതിയല്ല . അതുകൊണ്ട് തന്നെ ശനീശ്വര ക്ഷേത്രാധികാരികളുമായി ഫെബ്രുവരി 7 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ വിഷയം സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു .അതേസമയം ബലം പ്രയോഗിച്ചും പ്രക്ഷോഭത്തിലൂടെയും ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post