എറണാകുളം : സംവിധായകൻ ആഷിഖ് അബുവിനും ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനുമെതിരെ അന്വേഷണം ആരംഭിച്ച് പോലീസ്. ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട പരാതിയിലാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. യുവമോർച്ച കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരായ പരാതിയിൽ എറണാകുളം സൗത്ത് എസ്പിക്ക് ആണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്. തമിഴ് ഗായിക സുചിത്രയാണ് റിമ കല്ലിങ്കലിന്റെ എറണാകുളത്തെ വീട്ടിൽ ലഹരി പാർട്ടി നടക്കാറുള്ളതായി ആരോപണമുയർത്തിയത്. റിമയും ആഷിഖുമായി ചേർന്ന് നടത്തിയ ലഹരി പാർട്ടിയിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ലഹരിവസ്തുക്കൾ ആണ് ഉപയോഗിച്ചിരുന്നത് എന്നാണ് സുചിത്ര ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നത്.
റിമയുടെ വീട്ടിൽ നടത്തുന്ന പാർട്ടികളിൽ വെച്ച് ചോക്ലേറ്റ് പോലും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് തന്റെ ഒരു സുഹൃത്ത് വെളിപ്പെടുത്തിയിരുന്നതായിട്ടാണ് സുചിത്ര ആരോപണമുന്നയിച്ചത്. റിമ കല്ലിങ്കൽ കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരി പാർട്ടി നടത്തുകയും നിരവധി പെൺകുട്ടികളെ ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാക്കുകയും ചെയ്തു എന്നായിരുന്നു സുചിത്രയുടെ ആരോപണം. ഈ വെളിപ്പെടുത്തലിനെ തുടർന്നാണ് റിമയ്ക്കും ആഷിഖിനുമെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പരാതി നൽകിയിരിക്കുന്നത്.
Discussion about this post