ന്യൂഡൽഹി : വയസ്സ് തെളിയിക്കാനുള്ള രേഖയായി ആധാർ കാർഡ് അംഗീകരിക്കാനാവില്ല എന്ന് സുപ്രീംകോടതി. ആധാർ വിവരങ്ങൾ പ്രായം കണക്കാക്കുന്നതിനുള്ള യഥാർത്ഥ രേഖയായി കാണാൻ കഴിയില്ല. പ്രായം നിർണയിക്കുന്നതിനുള്ള രേഖയായി ആധാർ കാർഡ് അംഗീകരിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ 2023 ലെ സർക്കുലർ നമ്പർ 8 പ്രകാരം ഒരാളുടെ വ്യക്തിത്വം നിർണയിക്കാൻ ആധാർ കാർഡ് രേഖയായി സമർപ്പിക്കാൻ കഴിയുന്നതാണ്. എന്നാൽ പ്രായം നിർണയിക്കാൻ ആധാർ കാർഡ് അംഗീകരിക്കാൻ ആകില്ല. യഥാർത്ഥ ജനനത്തീയതിയുടെ തെളിവല്ല ആധാർ കാർഡ് എന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2015 ൽ നടന്ന ഒരു വാഹനാപകടത്തെ തുടർന്നുള്ള കേസിലാണ് സുപ്രീംകോടതിയുടെ ഈ പരാമർശം. മരിച്ച വ്യക്തിയുടെ പ്രായം പരിഗണിക്കാൻ ആധാർ കാർഡ് ഉപയോഗിക്കാം എന്നായിരുന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതി അറിയിച്ചിരുന്നത്. തുടർന്ന് അപകടത്തിൽ പെട്ടു മരിച്ച ആളുടെ ബന്ധുക്കൾ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 94 പ്രകാരം സ്കൂൾ സർട്ടിഫിക്കറ്റിൽ പരാമർശിച്ചിരിക്കുന്ന ജനന തീയതി പ്രായം പരിഗണിക്കാനുള്ള രേഖയായി അംഗീകരിക്കണം എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post