അമ്പലങ്ങളിൽ പ്രവേശിക്കുമ്പോൾ ഉടുപ്പഴിക്കണം എന്ന നിബന്ധന ഒഴിവാക്കണമെന്ന ശ്രീനാരായണ ധർമ്മസംഘം നിലപാടിനെ അനുകൂലിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. തിരക്കുള്ള ക്ഷേത്രങ്ങളിൽ ഉടുപ്പഴിച്ച് തിക്കിയും തള്ളിയും സ്ത്രീ പുരുഷ ഭേദമെന്യേ വിയർത്തു കുളിച്ചു കയറുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും, അത് അനാചാരം ആണെന്നും പാർട്ടി പ്രസിഡൻറ് കെ എസ് ആർ മേനോൻ പറഞ്ഞു.
“ഓരോ അമ്പലത്തിലും ഉള്ള ആചാരം ഓരോ തരത്തിലാണ് എന്ന് പറഞ്ഞു ഇത്തരം കാര്യങ്ങളെ ന്യായീകരിക്കാൻ പാടുള്ളതല്ല. ഉദാഹരണത്തിന് ആലുവ പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ മുതുകത്ത് കൊളുത്ത് ഇട്ടുള്ള തൂക്കം ഭക്തജനങ്ങൾ തന്നെ തീരുമാനിച്ചു നിർത്തിയത് നമ്മൾ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദയുടെ നിലപാടിനെ താൻ അനുകൂലിക്കുന്നുവെന്നും, ഇത് തന്റെ വ്യക്തിപരമായ നിലപാടാണെങ്കിലും അതിനെ ആയിരക്കണക്കിന് ഹിന്ദുക്കൾ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധികമായും കേരളത്തിൽ മാത്രമുള്ള ഈ കീഴ് വഴക്കം മാറ്റാൻ ചർച്ചകൾ നടത്താൻ ദേവസ്വം ബോർഡ് മുൻകൈയെടുക്കണമെന്നു കുറുമശ്ശേരി അരക്കുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ കൂടിയായ മേനോൻ പറഞ്ഞു.”പക്ഷേ ശ്രീനാരായണഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവല്ല എന്ന് സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന തീർത്തും അബദ്ധമായി പോയി. കേരളത്തിൽ മതപരിവർത്തനം ശക്തി പ്രാപിച്ചിരുന്ന സമയത്ത് അതിനു തടയിട്ട മഹത് വ്യക്തിയാണ് ശ്രീനാരായണഗുരു.”കേരളത്തിൽ അമ്പലങ്ങളുടെ നവോത്ഥാനത്തിന് മുൻകൈയെടുത്തതു ശ്രീനാരായണ ഗുരുവാണ്. അദ്ദേഹത്തിൽ നിന്നും പ്രചോദനം കിട്ടി പണി കഴിക്കപ്പെട്ട എല്ലാ ക്ഷേത്രങ്ങളും വളരെ നന്നായി നടക്കുന്നുണ്ടെന്നും ഡി എസ് ജെപി പ്രസിഡൻറ് പറഞ്ഞു.
Discussion about this post