സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിന് യുഎസിലെ ആസ്തികൾ വിറ്റഴിക്കാനായി 90 ദിവസത്തെ സമയം അനുവദിക്കണമെന്ന ആവശ്യവുമായി സെനറ്റർമാർ. ജനുവരി 19ന് മുമ്പ് ആസ്തികൾ വിറ്റഴിക്കണമെന്നായിരുന്നു നിലവിലെ നിർദേശം. ഇതിന് കഴിയാത്തപക്ഷം നിരോധനം നേരിടേണ്ടി വരുമെന്നും നിർദേശമുണ്ട്.
ടിക്ടോക്ക് ഒരു അമേരിക്കൻ കമ്പനിക്ക് വിറ്റഴിച്ചാൽ മാത്രമേ, യുഎസിൽ കമ്പനിക്ക് പ്രവർത്തിക്കാനാവൂ. ഇല്ലെങ്കിൽ അമേരിക്കയിൽ ടിക് ടോക്കിന് പ്രവർത്തനം നിർത്തേണ്ടി വരും. ഡെമോക്രാറ്റിക് സെനറ്ററായ എഡ് മാർക്കിയും റിപ്പബ്ലിക്കൻ സെനറ്ററായ റാണ്ട് പോളുമാണ് സമയം ആവശ്യപ്പെട്ട് പ്രസിഡന്റ് ജോ ബൈഡനെ സമീപിച്ചത്. ടിക് ടോക്കിനെതിരായ നടപടിയിൽ താൽക്കാലികമായി തടയിടണമെന്ന് ആവശ്യപ്പെട്ട് കമ്പനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജനുവരി 10നാണ് ഇതിൽ കോടതി വാദം കേൾക്കുക.
ടിക് ടോക്ക് വഴി, അമേരിക്കൻ ഉപഭോക്താക്കളുടെ ലൊക്കേഷൻ, സ്വകാര്യ സന്ദേശങ്ങൾ, എന്നിവയുള്ള ഉള്ളടക്കങ്ങൾ രാജ്യവിരുദ്ധ ശക്തികൾക്ക് ലഭ്യമാകുമെന്ന ആശങ്കയാണ് രാജ്യത്ത് ടിക് ടോക് നിരോധിക്കാനുള്ള നടപടികളിലേക്ക് കടക്കാനുള്ള കാരണം. ഇതോടൊപ്പം ടിക് ടോക്കിലെ ഉള്ളടക്കങ്ങളിലൂടെ യുഎസിലെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കുമെന്ന സാധ്യതയും നടപടിക്ക് പിന്നിലെ കാരണമായി രാജ്യം ചൂണ്ടിക്കാട്ടുന്നു. ജനുവരി 20ന് പുതിയ പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരത്തിലേറുന്നതോടെ, ടിക് ടോക്കിനെതിരായ നടപടികൾ കൂടുതൽ ശക്തമാകാനാണ് സാധ്യത.
Discussion about this post