കൊല്ലം: വർക്കലയിൽ വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ. താന്നിമൂട് സ്വദേശിയായ നിതീഷ് ബാബുവാണ് അറസ്റ്റിലായത്. നാല് ഭാര്യമാരുള്ള ഇയാൾ അഞ്ചാമതൊരു വിവാഹം ചെയ്യാനുള്ള നീക്കത്തിൽ ആയിരുന്നു. ഇതിനിടെയാണ് വർക്കല പോലീസിന്റെ പിടിയിൽ ആയത്.
നഗരൂർ സ്വദേശിനിയായ നാലാം ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതീഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. അഞ്ചാം വിവാഹത്തിന് ഇയാൾ നീക്കങ്ങൾ നടത്തുന്ന വിവരം നാഗൂർ സ്വദേശിനി അറിഞ്ഞു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മറ്റൊരു വിവാഹം കഴിക്കാനുള്ള ഇയാളുടെ നീക്കം നാഗൂർ സ്വദേശിനി അറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതി ഗൗരവത്തിലെടുത്ത പോലീസ് വിശദമായ അന്വേഷണം നടത്തി. ഇതിലാണ് ഇയാൾക്ക് മൂന്ന് ഭാര്യമാർ വേറെയും ഉണ്ടെന്ന് വ്യക്തമായത്. 31 കാരനായ ഇയാളുടെ വഞ്ചനയ്ക്ക് നിരവധി സ്ത്രീകൾ ഇരയായിട്ടുണ്ട്. വിവാഹം കഴിച്ച് യുവതികളിൽ നിന്നും സ്വർണവും പണവും തട്ടി മുങ്ങുന്നതാണ് ഇയാളുടെ രീതി.
തെളിവുകൾ ലഭിച്ച പോലീസ് ഇയാളെ വീട് വളഞ്ഞാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ യുവതികൾ സ്വർണവും പണവും നഷ്ടമായെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി. 20 പവന്റെ സ്വർണാഭരണങ്ങളും 8 ലക്ഷം രൂപയുമാണ് പ്രതി യുവതികളെ കബളിപ്പിച്ച് സ്വന്തമാക്കിയത്.
Discussion about this post