പ്രയാഗ്രാജ്: നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സംഭവിക്കുന്ന ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേളയിൽ മൗനി അമാവാസി ദിനത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തത് കോടിക്കണക്കിന് ഭക്തർ. കുംഭമേളയുടെ ഏറ്റവും പ്രധാനമായ രണ്ടാമത്തെ സ്നാന ദിവസമായ ഇന്ന് വൈകീട്ട് 4.30 വരെ 5.71 കോടി ആളുകളാണ് പുണ്യനദികളകളായ ഗംഗ, യമുന, സരസ്വതിയുടെ സംഗമ സ്ഥലത്ത് സ്നാനം നടത്തിയതെന്ന് ഉത്തർപ്രദേശിലെ ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച്, കുംഭമേള ആരംഭിച്ച് ഇതുവരെ, 20 കോടിയാളുകൾ പുണ്യസ്നാനം ചെയ്തു. ഇന്നലെ, 4.83 കോടിയാളുകൾ സ്നാനം നടത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി 13ന് മകരസംക്രാന്തിയിൽ ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 16ന് മഹാശിവരാത്രി ദിനത്തിലാണ് സമാപിക്കുക. ആദ്യ ദിനത്തിൽ 3.5 കോടിയാളുകൾ പുണ്യസ്നാനം നടത്തിയിരുന്നു. 45 കോടിയോളം ആളുകൾ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സനാതനധർമികളെ സംബന്ധിച്ചിടത്തോളം, ഏറെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് മൗനി അമാവാസി. മാഘമാസത്തിലെ ഈ വിശിഷ്ട ദിനം ആത്മീയമായി വളരെയധികം പ്രാധാന്യമുള്ളതാണ്. ഏറെ വിശിഷ്ടമായ മൗനി അമാവാസി, കുംഭമേളയോടൊപ്പം ചേർന്നു സംഭവിച്ചപ്പോൾ, ഈ ദിനം ഭക്തർക്ക് നൽകുന്ന പവിത്രമായ അനുഭവത്തെ നൂറിരട്ടിയായി ഉയർത്തിയിരിക്കുകയാണ്. മൗനി അമാവാസി പൂർവികർക്ക് സമർപ്പിക്കപ്പെട്ട ദിവസമാണ്. മൗനി അമാവാസി ദിനത്തിൽ പുണ്യതീർത്ഥങ്ങളിലെ ജലം അമൃതായി മാറുമെന്നാണ് വിശ്വാസം. ഈ ദിനത്തിൽ പുണ്യസംഗമത്തിൽ സ്നാനം നടത്തുന്നത് പുണ്യവും മോക്ഷവും നൽകുന്നു. മൗന എന്ന സംസ്കൃത പദത്തിൽ നിന്നാണ് മൗനി എന്ന വാക്കിന്റെ ഉത്ഭവം. മൗനം എന്നാണ് ഇതിനർത്ഥം.
Discussion about this post