പ്രതിസന്ധികളുടെ ചുഴികളിലകപ്പെടുമ്പോൾ ഇനി നമ്മൾ എന്ത് ചെയ്യും? എന്ന് കൈലമലർത്തി അന്തിച്ചുനിൽക്കുന്ന, വിദേശരാജ്യങ്ങളുടെ പടിവാതിൽക്കൽ ചെന്ന് സഹായത്തിനായി മുട്ടുന്ന , ആ കാലം കഴിഞ്ഞിരിക്കുന്നു. ഇത് നവഭാരതമാണ്. ആത്മവിശ്വാസവും ഉൾക്കരുത്തും ദേശീയതയും സമംചേർത്ത് വളരുന്ന ഇന്ത്യ. പ്രതിസന്ധി വരുമ്പോഴല്ല,ഭാവി മുൻകൂട്ടി കണ്ട് പ്രശ്നങ്ങളെത്തും മുൻപ്, പരിഹാരം കണ്ടെത്താനുള്ള വേഗതയിലേക്ക് നമ്മുടെ രാജ്യം എത്തി കഴിഞ്ഞിരിക്കുന്നു. നമ്മുടെ സ്വന്തം മുതൽ കാക്കാനുള്ള നൈപുണ്യവും ശേഷിയും ഭാരതത്തിന് കൈവന്നിരിക്കുന്നു. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇരുചെവിയറിയാതെ, ഒരുഈച്ചയെപോലും അറിയിക്കാതെ 102 ടൺ സ്വർണം മാസങ്ങൾക്ക് മുൻപ് കടൽ കടത്തി ഇവിടെ തിരികെ എത്തിച്ച സംഭവം. മൂന്ന് മാസങ്ങൾക്ക് മുൻപ് ആർബിഐ,അത്രയും രഹസ്യമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലേക്ക് തിരികെ എത്തിച്ചപ്പോൾ പലരും ചോദിച്ചിരുന്ന ചോദ്യമായിരുന്നു? എന്തിനാണിത്ര ധൃതി? കരുതൽ സ്വർണം ഇത്ര അളവിൽ ഇന്ത്യയിലേക്ക് എത്തിച്ചതിന്റെ കാരണം എന്താണ്? എന്നൊക്കെ
ആഗോളവിപണിയിലെ പൾസ് മുൻകൂട്ടി അറിഞ്ഞ് ഇന്ത്യ നടത്തിയ ബുദ്ധിപരമായ നീക്കമായിരുന്നു അത് എന്നാണ് അതിനുള്ള ഉത്തരം. ലോകവിപണിയിലെയും അന്താരാഷ്ട്ര ബാങ്കുകളുടെയും പോക്ക് അത്ര പന്തിയല്ല,യുദ്ധങ്ങളും ആഭ്യന്തരപ്രശ്നങ്ങളും തമ്മിൽതല്ലുമെല്ലാം പലരീതിയിൽ പലഅളവിൽ ബാധിച്ചിരിക്കുന്നു. ഇതിനിടെ അമേരിക്കൻ തിരഞ്ഞെടുപ്പ് ഉണ്ടായതും ട്രംപിന്റെ രണ്ടാം വരവും പലരുടെയും കണക്കുകൂട്ടലുകൾ കീഴ്മേൽ മറിച്ചു. രണ്ടാമൂഴത്തിൽ യൂറോപ്പിന്റെ വ്യാപാരനയങ്ങളെ കണിശമായി വിമർശിച്ച ട്രംപ്,പല ലോഹങ്ങളുടെയും താരിഫ് തുക കുത്തനെ ഉയർത്തി, ചെമ്പിന്റെയും അലൂമിനിയത്തിന്റെയും മറ്റും ഊഴം കഴിഞ്ഞതോടെ ഇനി ലക്ഷ്യം സ്വർണമാണെന്നതിൽ സംശയമില്ല. അധികം വൈകാതെ തന്നെ സ്വർണത്തിന്റെ താരിഫ് ഉയർത്തിയേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഇതോടെ സ്വർണ ശേഖരത്തിന്റെ വിശ്വസ്ത സംരക്ഷകൻ എന്നപേരിൽ ലോകം വാഴ്ത്തുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും ചെറുതായി അടിതെറ്റി തുടങ്ങിയതായാണ് സൂചനകൾ.ആഗോളതലത്തിലെ ബുള്ളിയൻ വെയർഹൗസാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 1697 മുതൽ ആഗോള സെൻട്രൽ ബാങ്കുകളുടെ സ്വർണ ശേഖരം ഇവിടെ സൂക്ഷിക്കുന്നുണ്ട്. ഏകദേശം 400,000 ലധികം സ്വർണക്കട്ടികൾ ഇവിടെ സൂക്ഷിക്കുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി, ലോകരാജ്യങ്ങൾ പലരും തങ്ങൾ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന സ്വർണം തിരികെ ആവശ്യപ്പെട്ടതോടെ ആകെ ബുദ്ധിമുട്ടിലായ അവസ്ഥയിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ടൺ കണക്കിന് വരുന്ന സ്വർണ കട്ടികൾ ലോക രാജ്യങ്ങൾ ആവശ്യപ്പെടുന്നതിന് അനുസരിച്ച് നൽകുന്നത് സ്റ്റോറേജ് വരുമാനത്തിൽ വലിയ ഇടിവും ഇടപാടുകളിൽ വലിയ കാലതാമസവും ഉണ്ടാക്കുന്നു. പല രാജ്യങ്ങളോടും അവധി പറഞ്ഞ്, കൈ ഒഴിയേണ്ട ഗതികേടിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇപ്പോൾ.
ഒന്ന് ആലോചിച്ചുനോക്കൂ മാസങ്ങൾക്ക് മുൻപ് നമ്മുടെ സ്വർണം, നമ്മൾ തിരിച്ചുവാങ്ങി രാജ്യത്ത് എത്തിച്ചില്ലായിരുന്നുവെങ്കിൽ ഈ കണ്ട രാജ്യങ്ങൾ ക്യൂ നിൽക്കുന്നത് പോലെ നമ്മളും നിൽക്കേണ്ടി വരുമായിരുന്നു. ട്രംപിന്റെ രണ്ടാംവരവും പിന്നാലെ ആഗോളവിപണിയിലുണ്ടായേക്കാവുന്ന ചലനങ്ങളും മുൻകൂട്ടി കണ്ട ഇന്ത്യയിലെ സാമ്പത്തികവിദഗ്ധരും രഹസ്യാന്വേഷണ ഏജൻസികളും ഭരണാധികാരികളും പെരുമ്പറ കൊട്ടി മാലോകരെ അറിയിക്കാതെ നേരെ പോയി കാര്യം നടത്തി തിരിച്ചുവന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ, ഭാരതത്തിന്റെ സ്വത്തായ ,855 ടൺ സ്വർണശേഖരത്തിന്റെ 510.5 ടൺ സ്വർണവും നമ്മുടെ രാജ്യത്ത് തന്നെ സുരക്ഷതമായിരിക്കുന്നു. സ്വർണ കൈമാറ്റത്തിന്റെ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ അതീവ ശ്രദ്ധയോടെയായിരുന്നു നീക്കങ്ങളത്രയും. ഇതിന് മുമ്പ് കഴിഞ്ഞ മെയ് മാസത്തിൽ യുകെയിൽനിന്ന് 100 ടൺ സ്വർണം കൊണ്ടുവന്നതായി സ്ഥിരീകരിച്ചിരുന്നു. ഇന്ത്യക്ക് പുറത്ത് നിലവിൽ 324 ടൺ സ്വർണമാണുള്ളത്. യു.കെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സ് എന്നിവയുടെ സുരക്ഷിത സങ്കേതങ്ങളിലാണ് ഇത്രയും സ്വർണം സൂക്ഷിച്ചിട്ടുള്ളത്.
അതേസമയം,രാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിൽ സ്വർണത്തിന് നിർണായക പങ്കുണ്ടെന്ന് പറയേണ്ടതില്ലല്ലോ? സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴും മൂല്യം കുത്തനെ ഇടിയാതെ,നിലനിൽക്കാനുള്ള കഴിവുള്ളത് കെണ്ടാണ് സ്വർണമിപ്പോഴും അപ്രമാദിത്യശക്തിയായി തുടരുന്നത്. അതുകൊണ്ടുതന്നെ രാജ്യങ്ങൾ കരുതലായി വൻതോതിൽ സ്വർണം ശേഖരിച്ച് വെയ്ക്കുന്നു. ഒരു രാജ്യത്തെ കറൻസിയുടെ മൂല്യത്തിന് ആ രാജ്യത്തെ സ്വർണ ശേഖരവുമായി ബന്ധമുണ്ട്. അതായത് സ്വർണത്തിന്റെ വില രാജ്യത്തെ കറൻസിയുടെ കരുത്തിനെ ബാധിക്കുന്നുവെന്ന് ചുരുക്കം. രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സുരക്ഷിത ആസ്തിയായി കരുതി സ്വർണത്തിന് മുൻഗണന നൽകുന്നതും അതുകൊണ്ടാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക നിലയെയും വായ്പായോഗ്യതയെയും സ്വാധീനിക്കുന്നതിൽ സ്വർണ ശേഖരം ഇപ്പോഴും നിർണായകമായ പങ്കുവഹിക്കുന്നു. അന്താരാഷ്ട്ര വ്യാപാരത്തിലും ധനകാര്യത്തിലും സ്വർണത്തിന് നിർണായകമായ സ്വാധീനമുണ്ട് വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് സാഹയിക്കുന്നു. വായ്പകൾക്കുള്ള ഈടായും സ്വർണം ഉപയോഗിക്കുന്നു. സ്വർണ ശേഖരം വായ്പാ യോഗ്യത വർധിപ്പിക്കുകയും ആഗോള സമ്പദ്വ്യവസ്ഥയിൽ ഒരു രാജ്യത്തിന്റെ നിലയെ സ്വാധീനിക്കുകയും ചെയ്യുന്നു. പണപ്പെരുപ്പത്തിൽനിന്നും കറൻസിയുടെ മൂല്യതകർച്ചയിൽനിന്നും സംരക്ഷണം നൽകാനും സ്വർണത്തിന് കഴിയും.
Discussion about this post