ഇൻസ്റ്റഗ്രാം റീലിലൂടെ തലവരമാറിയ മലയാളി പെൺകുട്ടിയാണ് ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മി സതീഷ്. സാരിയുടുത്ത ഒരൊറ്റ റീലിലൂടെ ബോളിവുഡ് സംവിധായകൻ ശ്രീലക്ഷ്മിയെ ശ്രദ്ധിക്കുകയും പുതിയ ചിത്രത്തിൽ നായികാവേഷത്തിലേക്ക് പരിഗണിക്കുകയായിരുന്നു. പിന്നാലെ ആരാധ്യദേവിയെന്ന പേരും താരം സ്വീകരിച്ചു. ശ്രീലക്ഷ്മി എന്ന ആരാധ്യ യെസ് പറയും മുൻപേ, തന്റെ ഓഫീസ് ചുമരിൽ നായികമാർക്കുള്ള സ്ഥാനത്ത് ആരാധ്യയുടെ ചിത്രം അദ്ദേഹം പതിപ്പിച്ചിരുന്നു. ഈ വരുന്ന ഫെബ്രുവരി 28 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഹിന്ദി,തെലുങ്ക്,തമിഴ്,മലയാളം ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ദേവി എന്ന കഥാപാത്രമായാണ് ആരാധ്യ അഭിനയിക്കുന്നത്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതാണ് പ്രമേയം. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ടാഗ് ലൈൻ.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം പറഞ്ഞ വാക്കുകൾ ചർച്ചയാക്കുകയാണ് സോഷ്യൽമീഡിയ. ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞ പ്രസ്താവനയിൽ പശ്ചാത്തപിക്കുന്നില്ലെന്നാണ് താരം പറയുന്നത്. ‘ അന്ന് ഞാൻ പറഞ്ഞ ആ വാക്കുകളിൽ ഇപ്പോഴും പശ്ചാത്തപിക്കുന്നില്ല. കാരണം അത് അന്നത്തെ എന്റെ വികാരങ്ങളെയാണ് പ്രതിഫലിപ്പിച്ചത്. ആ സമയത്ത് എന്റെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു. അന്നത്തെ എന്റെ ചിന്താഗതിയിലാണ് ഗ്ലാമർ റോൽസ് ചെയ്യില്ലെന്ന് പറഞ്ഞത്.എന്നാൽ വൈവിധ്യം നിറഞ്ഞ വേഷങ്ങളാകും ഒരു നടിയെന്ന നിലയിൽ നമ്മുടെ ക്രാഫ്റ്റുകൾക്ക് ഊർജം പകരുകയെന്ന് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നുവെന്ന് താരം പറയുന്നു.
ഞാൻ സ്ക്രിപ്പ്റ്റ് വായിച്ചു നോക്കിയപ്പോൾ തന്നെ ഗ്ലാമറസ് വേഷം ആണെന്ന്മനസ്സിലായിരുന്നു .സ്ക്രിപ്റ്റിൽ പറഞ്ഞിരിക്കുന്ന പോലെ ഞാൻ മാറി എന്ന് മാത്രം. ഞാൻ പറഞ്ഞ വാക്കുകളിൽ ഒരിക്കലും എനിക്ക് കുറ്റബോധം ഇല്ല. പക്ഷെ ഞാൻ അന്ന് പറഞ്ഞത് റിഗ്രെസീവ് ആയ പ്രസ്താവന ആണ്. എന്നെ സംബന്ധിച്ച് പറയുകയാണ് എങ്കിൽ ഗ്ലാമറിന് ഒരുപാട് നിർവ്വചനങ്ങൾ ഉണ്ട്. അത് ഓരോ വ്യക്തികൾക്ക് അനുസൃതമാണ് അത് അങ്ങനെയാണ് ബാധിക്കുന്നതും. ചിലർക്ക് ഇമോഷൻസ് ആയിരിക്കും ഫീലിങ്ങ്സ് ആയിരിക്കും. അന്നത്തെ 22 കാരിയായ എന്നെ ഒരിക്കലും ഞാൻ കുറ്റം പറയില്ല. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുപാട് ട്രോളുകളും കാര്യങ്ങളും വരുന്നത് കാണാറുണ്ട്. പക്ഷേ കഥാപാത്രങ്ങൾക്ക് അനുസരിച്ചു വസ്ത്രം ധരിക്കാൻ ഞാൻ ഭാവിയിലും തയ്യാർ ആണെന്ന് ആരാധ്യദേവി പറയുന്നു. അടുത്ത വീട്ടിലെ പെൺകുട്ടിയെപ്പോലെയൊരു കഥാപാത്രമാണ് ഞാൻ ചെയ്തത്. ഒട്ടും ഗ്ലാമറസല്ലാത്ത കഥാപാത്രമാണ്. എന്നാൽ അതിലെ വില്ലൻ കരുതുന്നത് ഇതൊരു സെക്സി ഗേളാണെന്നാണ്. അയാളുടെ ഫാന്റസിയാണ് ഗ്ലാമർ വേഷം. അതിനാൽത്തന്നെ ഞാൻ അന്ന് പറഞ്ഞ കാര്യത്തെക്കുറിച്ച് ഖേദിക്കുന്നില്ല. ഓരോ വ്യക്തിയെ സംബന്ധിച്ചും ഗ്ലാമർ എന്നത് വ്യത്യസ്തമാണ്. ചിലർക്ക് വസ്ത്രങ്ങളായിരിക്കാം, ചിലർക്ക് ഇമോഷൺ ആയിരിക്കാം. ഇന്ന് എന്നെ സംബന്ധിച്ച് ഗ്ലാമറിന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ടെന്ന് ആരാധ്യ ദേവി പറഞ്ഞു.
പേരു മാറ്റാനുള്ള കാരണവും താരം വെളിപ്പെടുത്തി. ശ്രീലക്ഷ്മിയെന്നുള്ള പേര് എനിക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നു. ഞാനതൊരു കുറ്റമായി പറയുന്നതല്ല. സ്കൂളിൽ നമ്മുടെ ക്ലാസിൽ തന്നെ അഞ്ചോ ആറോ ശ്രീലക്ഷ്മി ഉണ്ടായിരിക്കും. എനിക്ക് എപ്പോഴും വ്യത്യസ്തമാർന്ന പേര് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛനും അമ്മയോടും ഇതുമായി ബന്ധപ്പെട്ട് പരാതി പറയാറുമുണ്ടായിരുന്നു. ഇങ്ങനെയൊരു അവസരം വന്നപ്പോൾ എന്തുകൊണ്ട് പേര് മാറ്റിക്കൂടാ എന്ന ചിന്ത വന്നു. ശ്രീലക്ഷ്മി പരമ്പരാഗത പേര് ആണ്. അങ്ങനെ മാതാപിതാക്കളും രാം ഗോപാൽ വർമ സാറും കുറച്ച് പേരുകൾ നിർദേശിച്ചു. അതിൽ നിന്നും ഞാൻ തിരഞ്ഞെടുത്തതാണ് ആരാധ്യയെന്ന് നടി പറയുന്നു.
സാരി’ എന്ന സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതെന്നെ ബാധിക്കുകയില്ല. കാരണം ഇതുവരെ നടന്നതെല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഈ നിമിഷങ്ങളെ ഓർത്ത് സന്തോഷിക്കും, അത്രമാത്രമെന്ന് താരം കൂട്ടിച്ചേർത്തു.
Discussion about this post