സാധാരണക്കാരിൽ നിന്നുയർന്നുവന്ന ദീർഘദർശിയായ നേതാവ്, ജനങ്ങളുടെ പൾസറിഞ്ഞ് ഒരു പദ്ധതിക്കൊപ്പം ഉറച്ച് നിന്നപ്പോൾ ഉണ്ടായ ലാഭം 30,0000 കോടിരൂപ. പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജന വിജയകരമായ അതിന്റെ പത്താംവർഷത്തിലേക്ക് കടക്കുമ്പോൾ,ജനഹിതം മുൻകൂട്ടി കണക്കുകൂട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ലോകഫാർമസിയായി ഭാരതം വളരുമ്പോൾ അതിനൊപ്പം രാജ്യത്തെ എല്ലാപൗരന്മാർക്കും, ജീവൻരക്ഷാ മരുന്നും മെഡിക്കൽ ഉപകരണങ്ങളും താങ്ങാവുന്ന വിലയിൽ നൽകണമെന്ന നരേന്ദ്രമോദിയുടെ ദൃഢനിശ്ചയമാണ്,പാതിവഴിയിൽ നിലച്ച്,സർക്കാർ കടലാസുകളിൽ ഒതുങ്ങിപ്പോയേക്കാവുന്ന പദ്ധതിയെ വിജയക്കൊടുമുടിയിൽ കൊണ്ടെത്തിച്ചത്.
2008 ൽ മൻഹോമൻസിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാർ ആരംഭിച്ച പദ്ധതിയായിരുന്നു ജൻ ഔഷധി. ഫാർമസ്യൂട്ടിക്കൽ വകുപ്പിനായിരുന്നു പദ്ധതിയുടെ മേൽനോട്ടം. ജൻ ഔഷധി സ്റ്റോറുകളിലൂടെ പാവപ്പെട്ട ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്ന എന്ന സർക്കാർ ലക്ഷ്യം പക്ഷേ വേണ്ടത്ര വിജയിക്കുകയോ ജനങ്ങളിലേക്ക് എത്തുകയോ ചെയ്തില്ല. പദ്ധതി ആരംഭിച്ച് 6 വർഷം പിന്നിടുമ്പോഴും വെറും 3 കോടി രൂപയുടെ വാർഷിക വിൽപ്പനയും 240 സ്റ്റോറുകളുമായി ജീവശ്വാസം കിട്ടാതെ, കിതയ്ക്കുകയായിരുന്നു ജൻ ഔഷധി. ഡൂപ്ലിക്കേറ്റ് മരുന്നാണോ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത്? രോഗം മാറുമോ? എന്നിങ്ങനെയുള്ള പല ആശങ്കകളെ കൂടാതെ ഇങ്ങനെയൊരു പദ്ധതി കേന്ദ്രം നടപ്പിലാക്കുന്നുണ്ടെന്ന് പോലും ജനത്തിന് അറിയില്ലായിരുന്നു. പദ്ധതി പതിയെ കടലാസിലേക്ക് വിശ്രമം ആരംഭിക്കാൻ തുടങ്ങിയപ്പോഴാണ് നവഭാരത സൃഷ്ടിയെന്ന പ്രതിജ്ഞയുമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുന്നത്. മുൻസർക്കാരുകൾ ചെയ്ത,തുടങ്ങിവച്ച എല്ലാ പദ്ധതികളെയും തള്ളിപ്പറഞ്ഞ് എല്ലാത്തിലും കൈ കടത്തുക അല്ലായിരുന്നു മോദിയെന്ന ഭരണകർത്താവിന്റെ നയം. ജനോപകാരപ്രദമായ പദ്ധതികൾ നവീകരിച്ച് രാജ്യത്തിന്റെ വളർച്ചയ്ക്ക് സഹായിക്കാൻ പ്രാപ്തമാക്കുകയെന്ന അദ്ദേഹത്തിന്റെ തീരുമാനം ഫലം കണ്ടു.
പുത്തൻമാറ്റങ്ങളോടെ,ഊർജ്ജത്തോടെ ക്യാമ്പെയ്നുകളോടെ ജൻ ഔഷധി അങ്ങനെ 2016 ൽ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയായി രൂപാന്തരം പ്രാപിച്ചു. പൊതു വിപണിയിലെ മരുന്ന് കമ്പനികളുടെ ചൂഷണത്തിൽ നിന്നും സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ പുനഃരാരംഭിച്ച പദ്ധതി അങ്ങനെ,സടകുടഞ്ഞെഴുന്നേറ്റ് അതിന്റെ ശക്തികാണിക്കാൻ തുടങ്ങി. പദ്ധതി ആരംഭിച്ച് ഒരുവർഷത്തിനകം വാർഷിക വിൽപ്പന നാലിരട്ടി വർദ്ധിച്ച് 12 കോടിയിലേക്ക് എത്തി. ജൻ ഔഷധി സ്റ്റോറുകളുടെ എണ്ണം ഇരട്ടിയിലധികമായി. 540 എന്ന സഖ്യയിലെത്തി. 2016-17 കാലഘട്ടത്തിൽ സ്റ്റോറുകളുടെ എണ്ണം 960 ഉം വാർഷിക വിൽപ്പന 33 കോടിയും കവിഞ്ഞു. 2017-18 കാലത്ത് സ്റ്റോറുകളുടെ എണ്ണം കുതിച്ചുയർന്ന് 3193 ലെത്തി. 140 കോടിയായിരുന്നു ആ വർഷത്തെ വാർഷിക വിൽപ്പന. 2018-19 വർഷത്തിൽ സ്റ്റോറുകളുടെ എണ്ണം 5440 ഉം വാർഷിക വിൽപ്പന 315 ഉം ആയപ്പോൾ കോവിഡ് മഹാമാരി നാശം വിതച്ച 2019-20 വർഷത്തിൽ തളർച്ചയുടെ ലാഞ്ചന പോലും കാണിക്കാത്ത പദ്ധതി, അതിന്റെ വാർഷിക വിൽപ്പന 433 കോടിയിലെത്തിച്ചു. ആ വർഷം സ്റ്റോറുകളുടെ എണ്ണം 6306 ലേക്ക് എത്തിക്കാനും സർക്കാരിന് സാധിച്ചു. 2020-20 വർഷത്തിൽ സ്റ്റോറുകളുടെ എണ്ണം 7557 ഉം വാർഷിക വിൽപ്പന 665.83 കോടി രൂപയും ആയപ്പോൾ 2021-22 കാലഘട്ടത്തിൽ സ്റ്റോറുകളുടെ എണ്ണം 8640 ഉം വാർഷിക വിൽപ്പന,893.56 കോടി രൂപയുമായി വർദ്ധിച്ചു. 2022-23 വർഷത്തിലും വളർച്ച പ്രകടമായിരുന്നു 9182 ആയി സ്റ്റോറുകളുടെ എണ്ണം ഉയർത്തുകയും വാർഷിക വിൽപ്പന 1094.84 കോടി രൂപയെന്ന മാന്ത്രിക സഖ്യയിലെത്തിക്കുകയും ചെയ്തു. 2023-24 വർഷത്തിൽ സ്റ്റോറുകളുടെ എണ്ണം 10,006 ആയി മാറുകയും വാർഷിക വിൽപ്പന 1470 കോടി രൂപയാവുകയും ചെയ്തു.
നിലവിൽ 2025 ഫെബ്രുവരി 28 വരെയുള്ള കണക്കനുസരിച്ച് പദ്ധതിക്ക് കീഴിൽ രാജ്യത്താകമാനം 15,000 ജൻഔഷധി കേന്ദ്രങ്ങളുണ്ട്. 2047 മരുന്നുകളും 300 ശസ്ത്രക്രിയാ ഉപകരണങ്ങളും 50% മുതൽ 80% വരെ വിലക്കുറവിൽ ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ വിൽപ്പന നടത്തുന്നു. ഈ സാമ്പത്തിക വർഷം ഫെബ്രുവരി. 28 വരെയുള്ള കണക്കുപ്രകാരം 1760 കോടിയുടെ വിൽപ്പനയുണ്ടായി. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ജൻഔഷധി കേന്ദ്രങ്ങളുടെ എണ്ണം 180 മടങ്ങ് വർധിച്ചപ്പോൾ വിൽപ്പന 200 മടങ്ങ് വർധിച്ചു. പത്ത് വർഷത്തിനുള്ളിൽ ഏകദേശം 30,000 കോടി രൂപയുടെ ലാഭമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്.
സ്റ്റോറുകളുടെ എണ്ണം വർദ്ധിച്ചത് മാത്രമല്ല പദ്ധതിയുടെ ഗുണഫലം. 2016ൽ ഈ പദ്ധതിയിലൂടെ 199 തരം മരുന്നുകളാണ് കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിച്ചത്. 2017ൽ, 98 തരം രോഗങ്ങൾക്കുള്ള 700-ലധികം ജനറിക് മരുന്നുകളും 164 തരം ശസ്ത്രക്രിയാ വസ്തുക്കളും വിറ്റഴിക്കപ്പെട്ടു.2018 മാർച്ചിൽ, സുവിധ എന്ന പേരിൽ പെൺകുട്ടികൾക്കുള്ള സാനിറ്ററി നാപ്കിനുകളുടെ വിൽപ്പന ആരംഭിച്ചു.ബ്യൂറോ ഓഫ് ഫാർമ പി എസ് യു ഓഫ് ഇന്ത്യയും ഫാർമസ്യൂട്ടിക്കൽ ഡിപ്പാർട്ട്മെന്റും ചേർന്നാണ് ഈ സാനിട്ടറി പാഡുകൾ പുറത്തിറക്കിയത്. പ്ലാസ്റ്റിക്കിനെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തെ ഊട്ടിയുറപ്പിച്ചു കൊണ്ടാണ് സുവിധ സാനിട്ടറി പാഡുകളുടെ വരവ്. ആറ് മാസം കൊണ്ട് മണ്ണിൽ അലിഞ്ഞുചേരുന്ന സുവിധ പാഡുകൾ ഒരു രൂപയ്ക്കാണ് ഇന്ന് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. 2019ൽ 900 തരം ജനറിക് മരുന്നുകളും 154 ശസ്ത്രക്രിയാ ഉൽപ്പന്നങ്ങളും ജൻഔഷധിയിൽ ലഭ്യമായി. 2024 ആയപ്പോഴേക്കും 2047 തരം ജനറിക് മരുന്നുകളും 300-ലധികം ശസ്ത്രക്രിയാ ഉൽപ്പന്നങ്ങളും 5 ആയുർവേദ ഉൽപ്പന്നങ്ങളും ജൻഔഷധിയിൽ ലഭ്യമായി തുടങ്ങി.
ഇത് കൂടാതെ നിലവിൽ, സമീപത്തെ ജൻഔഷധി കേന്ദ്രം ഏതെന്ന് കണ്ടെത്തുന്നതിനും മരുന്നിന്റെ ലഭ്യതയേയും വിലയേയും കുറിച്ച് അറിയുന്നതിനും ‘ജൻഔഷധി സുഖം’ എന്ന മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കുറഞ്ഞ വിലയ്ക്ക് മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും ജനങ്ങൾക്ക് എത്തിക്കുക മാത്രമല്ല രാജ്യത്തെ സ്ത്രീകൾക്കും യുവാക്കൾക്കും ഒരു സംരംഭം തുടങ്ങി ജീവിതം കരുപിടിപ്പിക്കാനുള്ള മാർഗം കൂടിയാണ് പിഎംബിജെപി ഉണ്ടാക്കിയത്. സാധാരണക്കാർക്ക് കുറഞ്ഞ മുതൽമുടക്കിൽ ജൻഔഷധി മെഡിക്കൽസ്റ്റോറുകൾ കേന്ദ്രസഹായത്തോടെയും ഇൻസെന്റീവോടെയും ആരംഭിക്കാം. എല്ലാ ഫ്രാഞ്ചൈസി ഉടമകൾക്കും പിഎംബിഐ സോഫ്റ്റ്വെയറുമായി ലിങ്ക് ചെയ്യുമ്പോൾ 5 ലക്ഷം രൂപ വരെ ഇൻസെന്റീവ് നേടാൻ അർഹത ഉണ്ടായിരിക്കുന്നതാണ്. ഇതു കൂടാതെ ഷോപ്പിലേക്ക് പർച്ചേസ് ചെയ്യുന്ന മരുന്നുകളുടെ വിലയ്ക്ക് മാസത്തിന് 15 ശതമാനം ഇൻസെന്റീവ് ലഭിയ്ക്കും. ഷോപ്പിലേക്കാവശ്യമായ ഫർണിച്ചറും മറ്റും വാങ്ങാൻ 1.50 ലക്ഷം അനുവദിക്കും. കമ്പ്യൂട്ടർ ഇന്റർനെറ്റ്, പ്രിന്റർ തുടങ്ങിയ ഇലക്ട്രോണിക്സ് സാധനങ്ങൾ വാങ്ങാൻ 50,000 രൂപ ലഭിക്കും. പർച്ചേസ് നടത്തിയ ശേഷം ബില്ല് ഹാജരാക്കിയാൽ ഈ തുക തിരികെ ലഭിക്കുന്ന രീതിയിലാണ് ഇത്.
പദ്ധതി വൻവിജയമായി തുടങ്ങിയപ്പോഴേക്കും കുപ്രചരണങ്ങളും ആരംഭിച്ചിരുന്നു. ഗുണനിലവാരമുള്ള മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് എങ്ങനെ ജനങ്ങളിലെത്തിക്കാൻ കഴിയും, ഈ മരുന്ന് കഴിച്ചാൽ രോഗം മാറുമോ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഉയർന്നത്. എന്നാൽ ഇതെല്ലാം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ മാത്രമാണെന്നേ പറയാൻ സാധിക്കൂ. ജൻഔഷധിയിൽ ലഭ്യമായിട്ടുള്ള മരുന്നുകളിൽ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല. ബ്രാന്റഡ് എന്ന് പറഞ്ഞ് പൊതുവിപണിയിൽ വിൽക്കുന്ന മരുന്നുകൾ നിർമിക്കുന്ന അതേ കേന്ദ്രത്തിൽ വെച്ചാണ് ജൻ ഔഷധി മരുന്നുകളും നിർമിക്കുന്നത്. എൻഎബിൽ (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറി) സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ബോർഡ് എന്നിവയുടെ പരിശോധന കഴിഞ്ഞാണ് മരുന്നുകൾ വിൽക്കുന്നത്. പൊതുവിപണിയിൽ ലഭ്യമായ മരുന്നുകൾ 50-90 ശതമാനം വരെ വിലക്കുറവിലാണ് ജനത്തിന് ലഭ്യമാകുന്നത്.
അതേസമയം വരും വർഷങ്ങളിൽ പദ്ധതി വലിയ രീതിയിൽ വിപുലീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2027 മാർച്ച് 31 ഓടെ ജൻഔഷധി കേന്ദ്രങ്ങളുടെ എണ്ണം 25,000 ആക്കാനാണ് മോദി സർക്കാരിന്റെ തീരുമാനം. ഇതിനോടനുബന്ധിച്ച് ഈ മാർച്ച് 31 നുള്ളിൽ 15,000 ജൻഔഷധി കേന്ദ്രങ്ങളാക്കാനായിരുന്നു ലക്ഷ്യം. ഇത് ജനുവരി 31നകം തന്നെ കൈവരിച്ചത് വമ്പൻ നേട്ടമായാണ് കണക്കാക്കുന്നത്. ആത്മവിശ്വാസവും ദീർഘവീക്ഷണവും,പ്രഖ്യാപിക്കുന്ന പദ്ധതികളെല്ലാം വിജയത്തിലെത്തിക്കുമെന്ന ഉറച്ച ബോധ്യവുമുള്ള ഒരു ഭരണകൂടവും നേതാവും കൂടെയുണ്ടെങ്കിൽ, പദ്ധതികൾ കടലാസിലല്ല,ജനഹൃദയങ്ങളിലാണ് സ്ഥാനം നേടുകയെന്നതിന് ഉത്തമഉദാഹരണമാവുകയാണ് നരേന്ദ്രമോദി തുടങ്ങിവച്ച പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന.
Discussion about this post