ലോകത്തിന്റെ ഏത് കോണിലായാലും, ഏത് സ്ഥാനത്തായാലും ഭാരതീയ പൈതൃകം ഞരമ്പുകളിൽ സ്വന്തമായിട്ടുള്ളവർ, എന്നും ആ സംസ്‌കാരത്തെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കും . ഇതിന് ഉത്തമ ഉദാഹരണമാവുകയാണ് വിവേക് രാമസ്വാമി എന്ന 39 കാരൻ. സ്വന്തം വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെ പിടിച്ചതിന് ക്രൂരമായ വംശീയാധിക്ഷേപം നേരിട്ടിട്ടും താൻ ഹിന്ദുവാണ്,ഇന്ത്യൻവംശജനാണ് എന്ന് വീണ്ടുമുറക്കെ പറയുകയാണ് ഈ മലയാളി പയ്യൻ.
വിവേക് രാമസ്വാമി എന്ന പേര് നമുക്ക് കുറേക്കാലമായി പരിചിതമാണ്. ആദ്യം അമേരിക്കയിലെ സമ്പന്ന സംരംഭകനായ ചെറുപ്പക്കാരൻ എന്ന നിലയിൽ. പിന്നീടൊരു ദിവസമാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂട് പിടിച്ചതിന് അദ്ദേഹം തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ആദ്യം ട്രംപിനെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥത്തിനായി പോരാടി,പിന്നീട് അദ്ദേഹത്തെ പിന്തുണച്ചു,ട്രംപ് പ്രസിഡന്റായപ്പോൾ മസ്‌കിനൊപ്പം ഡോജിന്റെ തലപ്പത്ത്. ഏറ്റവും ഒടുവിലിതാ ഒഹായോ ഗവർണറാകനുള്ള സ്യൂട്ടും തുന്നി കാത്തിരിക്കുകയാണ് വിവേക് രാമസ്വാമി. സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവർണർ. ഇന്ത്യയിലെ മുഖ്യമന്ത്രിയുടെ സമാനപദവി. റിപ്പബ്ലിക്കൻ കോട്ടയായ ഒഹായോയിൽ വിവേകിന്റെ വിജയം അതുകൊണ്ട് തന്നെ ഏറക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. എന്നാൽ ഈ യുവാവിന്റെ വളർച്ചയിൽ അസൂയപൂണ്ട എതിരാളികൾ വംശീയാധിക്ഷേപത്തിലൂടെയാണ് വിവേകിനെ തളർത്താനും തോൽപ്പിക്കാനും ശ്രമിക്കുന്നത്. ഇതിനായി വിവേകിന്റെ പഴയ കുറച്ച് വീഡിയോ തപ്പിയെടുത്ത് പ്രചരിപ്പിക്കുകയാണ് വിമർശകർ.
സ്വന്തം വീട്ടിൽ വച്ച് ചെരിപ്പോ, സോക്‌സോ ധരിക്കാതെ ഒരു ഇൻറർവ്യൂവിൽ പങ്കെടുക്കുന്ന പഴയ ഒരു വീഡിയോയുടെ ക്ലിപ്പുകൾ പങ്കുവച്ച് കൊണ്ടാണ് വിവേകിനെതിരെ വംശീയാധിക്ഷേപം നടക്കുന്നത്. ഇൻറർവ്യൂ ചെയ്യുന്ന ആളുടെ മുന്നിലെ കസേരയിൽ ചെരിപ്പിടാതെ ഇരിക്കുന്ന വിവേകിൻറെ ചിത്രം പങ്കുവച്ച് കൊണ്ട് ‘ആൻറി അമേരിക്കൻ’, ‘അപരിഷ്‌കൃതർ’ തുടങ്ങിയ പദപ്രയോഗങ്ങളാണ് വിവേകിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ‘വിവേക് ഒരിക്കലും ഒഹായോയുടെ ഗവർണറാകില്ല. ഇത് അമേരിക്കയ്ക്ക് സ്വീകാര്യമല്ല.ഇത് കിളി പോയ കോടീശ്വരൻറെ സ്വഭാവമല്ല. മറിച്ച് ഒരു മൂന്നാം ലോക രാജ്യത്തെ അമ്മാവൻറെ ഊർജ്ജമാണ്.’ ഒരു കാഴ്ചക്കാരൻ വംശീയാധിക്ഷേപം നടത്തി. ‘വിവേക് നഗ്‌നപാദരായി വിദ്യാഭ്യാസത്തെക്കുറിച്ച് ഞങ്ങളെ പഠിപ്പിക്കുന്നു. അപരിഷ്‌കൃതൻ. ഈ ഗ്രഹത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യത്തിലെ ഒരു സ്ഥാനത്തേക്ക് അഭിമുഖം നടത്തുമ്പോൾ കുറഞ്ഞത് സോക്‌സുകളെങ്കിലും ധരിച്ചിരിക്കാം, അല്ലേ? എന്നൊക്കെയാണ് വിവേകിനതിരെ ഉയരുന്ന വംശീയാധിക്ഷേപങ്ങൾ. ഭാരീതീയ സംസ്‌കാരമനുസരിച്ച് വീടിനകത്ത് പാദരക്ഷകൾ ഉപയോഗിക്കുന്നത് ഉചിതമല്ലെന്ന വിശ്വാസം പിന്തുടർന്ന വിവേക് പക്ഷേ, തളരാൻ കൂട്ടാക്കിയില്ല. തന്റെ സംസ്‌കാരം തന്റെ വിശ്വാസം എന്നാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്. പല സംസ്‌കാരങ്ങളിലും, പ്രത്യേകിച്ച് ദക്ഷിണ ഏഷ്യയിൽ, വീടിനുള്ളിൽ ചെരിപ്പ് ഊരിവെക്കുന്നത് ഒരു സാധാരണ രീതിയാണെന്ന് ചൂണ്ടിക്കാട്ടി, നിരവധി പേർ വിവേകിനെ പിന്തുണയ്ക്കുന്നുമുണ്ട്.
ഇതിന് മുൻപും തന്റെ ഹിന്ദുപാരമ്പര്യത്തെ കുറിച്ച് പരസ്യമായി പറഞ്ഞിട്ടുള്ളയാളാണ് വിവേക് രാമസ്വാമി. ഹിന്ദു വിശ്വാസമാണ് യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിനായി മത്സരിക്കാൻ തനിക്കു പ്രേരണയായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്റെ വിശ്വാസമാണ് എനിക്ക് സ്വാതന്ത്ര്യം നൽകുന്നത്. എന്റെ വിശ്വാസമാണ് ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ എനിക്ക് പ്രേരണ നൽകിയത്. ഞാൻ ഒരു ഹിന്ദുവാണ്. യഥാർത്ഥ ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവം നമ്മളെ ഓരോരുത്തരെയും ഇവിടെ എത്തിച്ചത് ഒരു ലക്ഷ്യത്തിനാണ്. ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനും അത് സാക്ഷാത്കരിക്കാനുള്ള കടമയും ധാർമികമായ ഉത്തരവാദിത്തവും എനിക്കുണ്ട്. അതാണ് എന്റെ വിശ്വാസം എന്നെ പഠിപ്പിച്ചത്. വ്യത്യസ്ത രീതികളിൽ നമ്മിലൂടെ പ്രവർത്തിക്കുന്ന ദൈവം നമ്മെ അവന്റെ ഉപകരണങ്ങൾ ആക്കുകയാണ് ചെയ്യുന്നത്. നമ്മൾ എല്ലാവരും തുല്യരാണ്, കാരണം ദൈവം നമ്മിൽ ഓരോരുത്തരിലും വസിക്കുന്നു, അതാണ് എന്റെ വിശ്വാസത്തിന്റെ കാതൽ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. മാതാപിതാക്കൾ പകർന്നു നൽകിയ പരമ്പരാഗത മൂല്യങ്ങളെ കുറിച്ചും അദ്ദേഹം മനസ് തുറന്നിരുന്നു.
പാലക്കാട് വടക്കഞ്ചേരി ബാലവിഹാറിൽ സി.ആർ. ഗണപതി അയ്യരുടെ മകൻ വി.ജി. രാമസ്വാമിയാണ് വിവേകിന്റെ അച്ഛൻ. അമ്മ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമി.1985ൽ ഒഹായോയിലെ സിൻസിനാറ്റിയിലാണ് വിവേകിന്റെ ജനനം. 1970കളിലാണ് അച്ഛനും അമ്മയും യുഎസിലേക്കു കുടിയേറിയത്. ഭാര്യ ഉത്തർപ്രദേശ് സ്വദേശി അപൂർവ തിവാരി. കുടുംബത്തിൽ തമിഴാണ് സംസാരിക്കുന്നതെങ്കിലും വിവേകിന് മലയാളവും അറിയാം.ഒഹായോയിലെ ജെസ്യൂട്ട് ഹൈസ്‌കൂളിലായിരുന്നു വിവേകിന്റെയും അനുജൻ ശങ്കർ രാമസ്വാമിയുടെയും പ്രാഥമിക വിദ്യാഭ്യാസം. 2007ൽ ഹാർവഡ് സർവകലാശാലയിൽ നിന്ന് ബയോളജിയിൽ ബിരുദം നേടിയ വിവേക്, 2013ൽ യേൽ സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും സ്വന്തമാക്കി. 29-ാം വയസ്സിലാണ് റോയ്‌വന്റ് സയൻസസ് എന്ന സ്വന്തം സംരംഭത്തിന് തുടക്കമിട്ടത്. ഫോബ്‌സ് മാഗസിന്റെ അണ്ടർ 30, അണ്ടർ 40 ശതകോടീശ്വര സംരംഭപ്പട്ടികയിൽ ഇടംപിടിച്ച വിവേക് രാമസ്വാമിയുടെ ആസ്തി 100 കോടി ഡോളറിന് മുകളിലാണ് (ഏകദേശം 8,400 കോടി രൂപ).2014ൽ അദ്ദേഹം സ്ഥാപിച്ച റോയ്‌വന്റ് സയൻസസ് എന്ന ബയോടെക് കമ്പനിയാണ് പ്രധാന വരുമാനസ്രോതസ്സ്. ക്രിപ്‌റ്റോകളുടെ ആരാധകനായ വിവേകിന്റെ നിക്ഷേപങ്ങളിൽ നല്ലൊരുപങ്കും ബിറ്റ്‌കോയിൻ, എഥറിയം എന്നിവയിലാണ്. ക്രിപ്‌റ്റോ പേയ്‌മെന്റ്‌സ് സ്ഥാപനമായ മൂൺമണി, യൂട്യൂബിന്റെ എതിരാളികളായ റംപിൾ എന്നിവയിലും അദ്ദേഹത്തിന് നിക്ഷേപ പങ്കാളിത്തമുണ്ട്. സംരംഭകൻ എന്നതിന് പുറമേ എഴുത്തുകാരനും പ്രഭാഷകനുമാണ് വിവേക് രാമസ്വാമി. നേഷൻ ഓഫ് വിക്ടിംസ്, ക്യാപിറ്റലിസ്റ്റ് പണിഷ്‌മെന്റ് എന്നിവയാണ് ശ്രദ്ധേയ പുസ്തകങ്ങൾ. തനിക്ക് നേരെ കൂരമ്പുകളായി വരുന്ന വംശീയധിക്ഷേപങ്ങളെയെല്ലാം തള്ളി, 2026 ലെ തിരഞ്ഞെടുപ്പിൽ വിവേക് ഒഹായോയുടെ ഗവർണറായി അധികാരമേറ്റെടുക്കും എന്ന് തന്നെയാണ് റിപ്പബ്ലിക്കൻ പാർട്ടി പ്രതീക്ഷ വയ്ക്കുന്നത്. വിവേകിന് ഉറച്ച പിന്തുണയുമായി സാക്ഷാൽ ട്രംപ് കൂടെയുള്ളതും പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു.
Discussion about this post