കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന മണലാരണ്യത്തിന് താഴെ ഒരു നഗരം. അതിൽ കുമിഞ്ഞ് കൂടിയിരിക്കുന്നത് ആകട്ടെ ശതകോടികളുടെ സ്വർണം. ആയിരക്കണക്കിന് വർഷം മുൻപ് മണൽ മൂടിയ ഈജിപ്തിലെ സ്വർണ നഗരം കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. ഈജിപ്തിന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ശേഷിപ്പുകൾ അടങ്ങുന്ന ഈ നഗരം ഒരു ജനതയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു.
ഈജിപ്തിലെ ചെങ്കടലിനടുത്ത് മാർസ ആലമിന് തെക്കുപടിഞ്ഞാറായി ജബൽ സുകാരിയിലാണ് ഈ പുരാതന നഗരമുള്ളത്. മൂവായിരം വർഷം പഴക്കമുള്ള സ്വർണ ഖനിയാണ് ഇവിടം. 1000 ബിസിയിൽ ഈജിപ്തിന്റെ വ്യാപാര കേന്ദ്രം ആയിരുന്നു. സ്വർണ ഖനനം, സംസ്‌കരണം എന്നിവ കേന്ദ്രീകരിച്ചിരുന്നതും ഇവിടെയാണ്. ഇതിന്റെ ശേഷിപ്പുകൾ ഇവിടെ നിന്നും ഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. അന്ന് കാലത്തെ സ്വർണ വ്യാപാരം എങ്ങനെയെന്നാണ് ഈ നഗരം ലോകത്തോട് പറയുന്നത്.
2021 ലാണ് ചില സൂചനകളുടെ അടിസ്ഥാനത്തിൽ പുരാവസ്തു ഗവേഷകർ ഇവിടെ ഖനനം ആരംഭിച്ചത്. സുപ്രീം കൗൺസിൽ ഓഫ് ആന്റീക്‌സിന്റെ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ഇസ്മയിൽ ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ആയിരുന്നു ഇതിനുള്ള നിയോഗം. സ്വർണ ഖനനത്തിനായുള്ള സാങ്കേതിക വിദ്യ സംബന്ധിച്ച് ലോകത്തെ പോലും ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ഇവർക്ക് ലഭിച്ചിരുന്നത്.
സ്വർണം കുഴിച്ചെടുക്കുന്ന ഗ്രൈൻഡിംഗ് സ്റ്റേഷനുകൾ, അരിച്ചെടുക്കുന്നതിനുള്ള സംവിധാനങ്ങൾ, കളിമണ്ണ് കൊണ്ടുള്ള ചൂള, എന്നിവയുടെ ഭാഗങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ സാങ്കേതിക വിദ്യകൾക്ക് പകരം വയ്ക്കാനാകാത്ത ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടായിരുന്ന പുരാതന ഈജിപ്ഷ്യൻ ജനതയുടെ സ്വർണ ഖനനവും സംസ്‌കരണവും. ഇവരുടെ എൻജിനീയറിംഗ് വൈദഗ്ധ്യം എത്രത്തോളം ഉണ്ടെന്ന് കൂടി വ്യക്തമാക്കുന്നത് ഓരോ ഉപകരണവും.
സ്വർണം വേർതിരിക്കുന്നതിൽ അപാര മികവ് അന്നുണ്ടായിരുന്നവർ പ്രകടമാക്കിയിരുന്നു. കുഴിച്ചെടുക്കുന്ന സ്വർണം വേർതിരിച്ച ശേഷം കളിമണ്ണ് കൊണ്ടുള്ള ചൂളയിൽ ഉരുക്കിയെടുത്തായിരുന്നു വിപണനം. ഇതിനായി പ്രത്യേകം വർക്ക് ഷോപ്പുകളും ഇവർക്ക് ഉണ്ട്. ഇതിന് പുറമേ ഇവയുടെയെല്ലാം മേൽനോട്ടത്തിനും നിയന്ത്രണത്തിനുമായി അഡ്മിനിസ്‌ടേറ്റീവ് കെട്ടിടങ്ങളും ഇവിടെയുണ്ട്. ഈജിപ്തിന്റെ സാമ്പത്തിക ചരിത്രത്തിന്റെ ശേഷിപ്പുകൾ കൂടിയാണ ഇത്.
വ്യാപാരവുമായും ഖനനവുമായും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമല്ല കരകൗശല വിദ്യയുടെ മികവിന്റെ സൂചനകളും ഇവിടം നൽകുന്നു. ആയിരക്കണക്കിന് കരകൗശല നിർമ്മിതികളും ചിത്രങ്ങളുമാണ് ഇവിടെ നിന്നും ലഭിച്ചത്. ഖനിയ്ക്കിടയിലെ പുരാതന ഈജിപ്തുകാരുടെ ജീവിതവും ഇതിലൂടെ വ്യക്തമാകുന്നു. ടോളമിക് കാലഘട്ടത്തിലെ പണ വിനിമയത്തിന്റെ സൂചനകൾ നൽകുന്ന നാണയത്തുട്ടുകളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ടെറാക്കോട്ട രൂപങ്ങൾ പുരാതന ഈജ്പ്ഷ്യൻകാരുടെ മതവിശ്വാസങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇവരുടെ സാംസ്‌കാരിക ജീവിതം എങ്ങനെയെന്നതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്.
ഈജിപ്തിന്റെ ചരിത്രം സംസാരിക്കുന്ന കരകൗശല വസ്തുക്കളും ഉപകരണങ്ങളുമെല്ലാം പൊതുജനങ്ങൾക്ക് കാണാനുള്ള സൗകര്യം ഗവേഷകർ ഒരുക്കിയിട്ടുണ്ട്. നഗരത്തിന്റെ മൂന്ന് കിലോമീറ്റർ അകലെയായിട്ടാണ് ഇതിനുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുള്ളത്. ഇത് കാണാൻ ആയിരക്കണക്കിന് ആളുകൾ ലോകത്തിന്റെ പലഭാഗങ്ങളിലും നിന്നും ഇവിടെ എത്തുന്നു.
സംവത്സരങ്ങളായി മണലിനടിയിൽ ഉറങ്ങുന്ന സ്വർണ നഗരം വെളിച്ചം കണ്ടതോടെ ഈജിപ്തിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായം കൂടിയാണ് തുറക്കപ്പെടുന്നത്. ഈ നഗരത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി ലോകം കാതോർത്തിരിക്കുന്നു.
Discussion about this post