മുംബൈ; സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മുൻ മേധാവി മാധവി പുരി ബുച്ചിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുംബൈ അഴിമതി വിരുദ്ധ കോടതിയുടെ നിർദ്ദേശത്തെതുടർന്നാണ് നടപടി. മാധവി പുരി ബുച്ച് ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് അഴിമതി വിരുദ്ധ ബ്യൂറോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഓഹരി വിപണിയിലെ വഞ്ചന, നിയന്ത്രണ ലംഘനങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്. താനെ ആസ്ഥാനമായുള്ള പത്രപ്രവർത്തകൻ സപൻ ശ്രീവാസ്തവ സമർപ്പിച്ച ഹർജിയിൽ പ്രത്യേക ജഡ്ജി എസ്.ഇ. ബംഗാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഒരു കമ്പനിയെ ലിസ്റ്റുചെയ്യാൻ സെബി ഉദ്യോഗസ്ഥർ അനുവദിച്ചുവെന്നും ഇത് വിപണി കൃത്രിമത്വത്തിനും നിക്ഷേപകരുടെ നഷ്ടത്തിനും കാരണമായെന്നും പരാതിയിൽ ആരോപിക്കുന്നു. സെബിയും കോർപ്പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ഒത്തുകളി, ഇൻസൈഡർ ട്രേഡിംഗ്, ലിസ്റ്റിംഗിന് ശേഷം പൊതു ഫണ്ട് വകമാറ്റൽ എന്നിവയും പരാതിയിൽ ആരോപിക്കുന്നു.
ആരോപണ വിധേയമായ കുറ്റകൃത്യങ്ങൾക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും 30 ദിവസത്തിനുള്ളിൽ ഒരു സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി എസിബിയോട് നിർദ്ദേശിച്ചു. 2025 ഫെബ്രുവരി 28 ന് ആണ് സെബി മേധാവിയായിരുന്ന മാധവി പുരി ബുച്ചിന്റെ കാലാവധി അവസാനിച്ചത്. 2022 മാർച്ച് 2-ന് ആണ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തത് . മൂന്ന് വർഷം ചെയർമാൻ സ്ഥാനത്ത് തുടരുകയും ചെയ്തു.
Discussion about this post