മാർച്ച് രണ്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനം നടത്തിയതോടെ സോമനാഥ ക്ഷേത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്. പ്രധാനമന്ത്രി മോദിയുടെ സ്വന്തം സംസ്ഥാനത്തെ സുപ്രധാന ക്ഷേത്രം എന്നതിലുപരിയായി ഭാരത ചരിത്രത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ളതാണ് സോമനാഥ ക്ഷേത്രം. സൗരാഷ്ട്രയ്ക്ക് പുണ്യം പകരുന്ന ഈ ക്ഷേത്രം 12 ജ്യോതിർലിംഗങ്ങളിൽ പ്രഥമ സ്ഥാനത്തുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിദേശരാജ്യങ്ങളിൽ നിന്ന് അടക്കം സമ്മാനമായി ലഭിക്കുന്ന ഗണേശ വിഗ്രഹങ്ങൾ അദ്ദേഹം സോമനാഥ ക്ഷേത്ര ട്രസ്റ്റിന് ആണ് നൽകാറുള്ളത്. ട്രസ്റ്റിന്റെ കീഴിലുള്ള ശ്രീരാമക്ഷേത്രത്തിലാണ് പ്രധാനമന്ത്രി നൽകുന്ന ഈ ഗണേശ വിഗ്രഹങ്ങൾ സൂക്ഷിക്കുന്നത്. മോദി ഇതുവരെ 163-ലധികം ഗണേശ വിഗ്രഹങ്ങൾ ആണ് സോമനാഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയിട്ടുള്ളത്. ആത്മീയപരമായി അദ്ദേഹം അത്രയേറെ ചേർന്നു നിൽക്കുന്ന ഒരു ക്ഷേത്രം കൂടിയാണ് സോമനാഥ ക്ഷേത്രം.
സോമൻ അഥവാ ചന്ദ്രദേവൻ പണി കഴിപ്പിച്ചതാണ് സോമനാഥ ക്ഷേത്രം എന്നാണ് ഐതിഹ്യം. സോമദേവന്റെ നാഥൻ ആയ സാക്ഷാൽ മഹാദേവൻ ആണ് ഇവിടെ വാണരുളുന്നത്. ശിവന്റെ ഏറ്റവും പവിത്രമായ വാസസ്ഥലങ്ങളായി കണക്കാക്കപ്പെടുന്ന പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതാണ് സോമനാഥ ക്ഷേത്രം . ഗുജറാത്തിലെ വെരാവലിലെ പ്രഭാസ് പടാനിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാഭാരതവും ഭാഗവത പുരാണവും ഉൾപ്പെടെയുള്ള വിവിധ ഗ്രന്ഥങ്ങളിൽ സൗരാഷ്ട്ര തീരത്തുള്ള ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്.
ഭാരതീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ക്ഷേത്രം കൂടിയാണ് സോമനാഥ ക്ഷേത്രം. അധിനിവേശ ശക്തികൾ തകർത്തു തരിപ്പണമാക്കിയ ക്ഷേത്രം പിന്നീട് ഭാരതത്തിലെ ഹൈന്ദവരുടെ ഇച്ഛാശക്തി കൊണ്ട് വീണ്ടും പടുത്തുയർത്തപ്പെടുകയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ തുർക്കി ഭരണാധികാരിയായ മഹ്മൂദ് ഗസ്‌നി സോമനാഥ ക്ഷേത്രത്തെ പൂർണ്ണമായും നാമാവശേഷമാക്കിയിരുന്നു. എന്നാൽ വിശ്വാസത്തെയും ഭക്തിയെയും തകർക്കാൻ ഒരു അധിനിവേശ ശക്തിക്കും കഴിയില്ല എന്ന് ഉറപ്പിച്ചു പറഞ്ഞ് ഭക്തരുടെയും നാട്ടുരാജാക്കന്മാരുടെയും സഹായത്താൽ ക്ഷേത്രം വീണ്ടും പുനർ നിർമ്മിക്കപ്പെട്ടു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഭീമൻ ഒന്നാമൻ രാജാവിന്റെ നേതൃത്വത്തിലുള്ള ചൗലൂക്യ രാജവംശം സോമനാഥ ക്ഷേത്രം വീണ്ടെടുക്കാനും പുനർനിർമ്മിക്കാനും ഒരു ദൗത്യം ആരംഭിക്കുകയും ക്ഷേത്രത്തെ വിജയകരമായി പുനസൃഷ്ടിക്കുകയും ചെയ്തു.
എന്നാൽ പിന്നീടും വിദേശ ശക്തികൾ ഈ ക്ഷേത്രത്തെ ലക്ഷ്യം വെച്ചു. മുഗൾ കാലഘട്ടത്തിൽ ഔറംഗസേബിന്റെ നേതൃത്വത്തിൽ വീണ്ടും ക്ഷേത്രം തകർക്കപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിൽ മറാത്ത രാജ്ഞിയായിരുന്ന റാണി അഹല്യഭായ് ഹോൾക്കർ ആണ് ക്ഷേത്രം വീണ്ടും പുനർ നിർമ്മിച്ചത്. പിന്നെയും കാലാന്തരത്തിൽ ക്ഷേത്രത്തിന് വിവിധ നാശനഷ്ടങ്ങൾ നേരിടേണ്ടിവന്നു. കൊളോണിയൽ കാലഘട്ടത്തിൽ ഈ ക്ഷേത്രത്തിന്റെ തകർന്ന അവശിഷ്ടങ്ങളെ കുറിച്ച് പോലും വിശദമായ പഠനങ്ങൾ നടത്തുകയുണ്ടായി.
പ്രതികൂല സാഹചര്യങ്ങളെ നേരിടുകയും നൂറ്റാണ്ടുകളായി തുടർച്ചയായി പുനർനിർമ്മിക്കുകയും ചെയ്യപ്പെടുന്ന സോമനാഥ ക്ഷേത്രത്തിന്റെ പ്രതിരോധ ശക്തി മൂലം ഹിന്ദു വിശ്വാസത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും വലിയ പ്രതീകമായി ക്ഷേത്രം അറിയപ്പെടുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേൽ ആണ് സോമനാഥ ക്ഷേത്രത്തെ ഇന്നത്തെ നിലയിൽ പുനരുജ്ജീവിപ്പിക്കുന്നതിന് കാരണമായത്. 1951 മെയ് മാസത്തിൽ ആണ് നിലവിലെ ക്ഷേത്രത്തിന്റെ പുനർനിർമ്മാണം പൂർത്തിയായത്. ഇന്ന് ഭാരതത്തിന്റെ അഭിമാനത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമാണ് സോമനാഥ ക്ഷേത്രം. ഹിന്ദുത്വത്തിന്റെ സ്ഥിരതയെയും തുടർച്ചയെയും പ്രതിനിധീകരിക്കുന്ന ഒരു അഭിമാന സ്തംഭമായാണ് ഹൈന്ദവർ ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്.
അഞ്ചാം നൂറ്റാണ്ടിലെ കാളിദാസന്റെ രഘുവംശ കാവ്യത്തിൽ പ്രയാഗ , പുഷ്കര, ഗോകർണ എന്നിവയ്‌ക്കൊപ്പം വിശുദ്ധ തീർത്ഥമായി ഈ ക്ഷേത്രവും വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ജനനമരണ ചക്രത്തിൽ നിന്നുള്ള മോചനത്തിനും മോക്ഷ പ്രാപ്തിയ്ക്കും വിശുദ്ധ സ്നാനം നടത്തേണ്ട തീർത്ഥ ക്ഷേത്രങ്ങളിൽ ഒന്ന് എന്ന രീതിയിലാണ് കാളിദാസന്റെ രഘുവംശ കാവ്യത്തിൽ സോമനാഥ ക്ഷേത്രത്തെ പരാമർശിക്കുന്നത്. കപില, ഹിരണ്‍, സരസ്വതി എന്നീ മൂന്ന് നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തോട് ചേർന്നാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് എന്നുള്ളതിനാലാണ് പുരാതന കാലം മുതലേ ഇതൊരു വിശുദ്ധ തീർത്ഥ ക്ഷേത്രമായി കരുതപ്പെടുന്നത്.
പരമ്പരാഗതവും സമകാലികവുമായ വാസ്തുവിദ്യാ ശൈലികളുടെ മനോഹരമായ മിശ്രണമാണ് ഇന്നത്തെ സോമനാഥ ക്ഷേത്രത്തെ സഞ്ചാരികൾക്കിടയിൽ പോലും വിസ്മയക്കാഴ്ചയാക്കി മാറ്റുന്നത്. സങ്കീർണ്ണമായ കൊത്തുപണികളും സൗരാഷ്ട്രയുടെ പാരമ്പര്യം വിളിച്ചോതുന്ന കരകൗശല വിദ്യകളും ക്ഷേത്രത്തിന്റെ നിർമിതിയിൽ കാണാവുന്നതാണ്. പല കാലങ്ങളിലായി പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാണ് ക്ഷേത്രത്തെ ഈ വിധം മനോഹരമാക്കി മാറ്റിയിട്ടുള്ളത്. ചരിത്രപരമായ പ്രാധാന്യവും വാസ്തുവിദ്യാ സൗന്ദര്യവും കൊണ്ട് വിദേശത്തുനിന്നുമുള്ള വിനോദസഞ്ചാരികളെ പോലും ആകർഷിക്കുന്നതാണ് ഇന്ന് സോമനാഥ ക്ഷേത്രം.
Discussion about this post