ഏതാനും വർഷങ്ങൾ പുറകിലോട്ട് പോയാൽ ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച കാലാവസ്ഥയുള്ള സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം. എന്നാൽ ഇപ്പോൾ വേനൽക്കാലത്തിന്റെ തുടക്കത്തിന് മുൻപേ തന്നെ കടുത്ത ചൂടാണ് കേരളം നേരിടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ വേനലിന്റെ ദൈർഘ്യം കൂടി വരികയാണ്. ഒപ്പം താപനിലയിലും വൻവർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. മഴ കുറയുകയും ചൂട് വർദ്ധിക്കുകയും ചെയ്യുന്നത് കേരളത്തിന്റെ കാലാവസ്ഥയെ കുറിച്ച് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഈ വർഷവും കേരളത്തിൽ അസാധാരണമായ വിധം നേരത്തെ വേനൽ ആരംഭിച്ചിരിക്കുകയാണ്.
പ്രാദേശിക കാലാവസ്ഥയും ദീർഘകാല കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങളും ആണ് ഇത്തരത്തിൽ ഒരു കാലാവസ്ഥ മാറ്റത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഫെബ്രുവരി അവസാനത്തോടെ തന്നെ കേരളത്തിൽ മുൻ വർഷങ്ങളേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വേനലിലേക്ക് കടക്കുന്നതിനു മുൻപ് തന്നെ പാലക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടാൻ ആരംഭിച്ചു കഴിഞ്ഞു. മലയാളികൾക്കിടയിൽ കടുത്ത ആശങ്കയാണ് ഈ ചൂട് സൃഷ്ടിക്കുന്നത്.
അറബിക്കടലിലും ഇന്ത്യൻ ഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിലും ഉയർന്ന മർദ്ദ സംവിധാനമുള്ളതായി വിദഗ്ധർ വിലയിരുത്തുന്നു. ഈ ഉയർന്ന മർദ്ദം കാറ്റിന്റെ തണുപ്പിക്കൽ പ്രഭാവത്തെ തടയുകയും ഉയർന്ന ആർദ്രതയുമായി സംയോജിപ്പിച്ച് താപനില ഉയർത്തുകയും ചെയ്യുന്നതാണ് ഇത്തരത്തിൽ ചൂട് വർദ്ധിക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എൽ നിനോ പ്രതിഭാസത്തിന്റെ നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങളും കേരളത്തിലെ കാലാവസ്ഥ മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഫെബ്രുവരിയുടെ തുടക്കത്തിൽ തന്നെ ഈ കാലാവസ്ഥ മാറ്റങ്ങൾ കേരളത്തിൽ ദൃശ്യമായിരുന്നു. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ശൈത്യത്തിൽ നിന്നും മോചിതമാകാത്തപ്പോഴും കേരളത്തിൽ കടുത്ത ചൂടായിരുന്നു ഫെബ്രുവരിയിൽ അനുഭവപ്പെട്ടിരുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയിൽ തന്നെ വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തി. കണ്ണൂരും കോട്ടയവുമാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ പ്രധാന ജില്ലകൾ. അതേസമയം തന്നെ മൂന്നാർ പോലെയുള്ള മേഖലകളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ശൈത്യവും വർദ്ധിച്ചു. മാർച്ച് ആദ്യ വാരമായതോടെ തെക്കൻ ജില്ലയായ തിരുവനന്തപുരത്ത് അസാധാരണമായ മഴ ലഭിക്കുകയും മറ്റു ജില്ലകളിൽ താപനില വർദ്ധിക്കുകയും ചെയ്തു.
അസാധാരണമായ ഒരു വേനൽക്കാലത്തിന്റെ സൂചനയാണ് കേരളത്തിലെ ഈ കാലാവസ്ഥ മാറ്റം നൽകുന്നത് എന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കേരളത്തിലെ പകൽസമയത്തെ താപനില സാധാരണയേക്കാൾ 1.5°C മുതൽ 3°C വരെ കൂടുതലാണെന്ന് IMD ഡാറ്റ വ്യക്തമാക്കുന്നു. തീവ്രമായ സൂര്യപ്രകാശവും ഉയർന്ന ആർദ്രതയും കൂടിച്ചേർന്ന് മലയാളികൾ വിയർത്തു കുളിക്കുന്ന അവസ്ഥയാണുള്ളത്. ഈ കടുത്ത വേനലും കാലാവസ്ഥയും കേരളത്തിലെ കൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്. സാധാരണയായി 120 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നെൽകൃഷി ഇപ്പോൾ 160 ദിവസങ്ങളോളം എടുത്താണ് പാകമാകുന്നത്. വലിയ രീതിയിലുള്ള വിളവ് നഷ്ടവും വിവിധ മേഖലകളിലെ കർഷകർ അനുഭവിക്കുന്നു.
കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെയുള്ള തെക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ഈ വർഷം ഉഷ്ണ തരംഗത്തിനുള്ള വലിയ സാധ്യതയെക്കുറിച്ചും കാലാവസ്ഥ വകുപ്പ് സൂചന നൽകുന്നുണ്ട്. എൽ നിനോ–സതേൺ ഓസിലേഷൻ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടാക്കും എന്നാണ് സൂചന. 2024-ൽ കേരളം ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷമായിരുന്നു. എന്നാൽ 2025ൽ കഴിഞ്ഞവർഷത്തേക്കാൾ ചൂട് കൂടുതൽ വർദ്ധിക്കാനാണ് സാധ്യത എന്നും പറയപ്പെടുന്നു. നഗരവൽക്കരണവും വനനശീകരണവും പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങൾ മാറ്റുന്നതിനും പ്രദേശത്തിന്റെ താപഭാരം വർദ്ധിപ്പിക്കുന്നതിനും പ്രധാന കാരണമാകുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പൊതുജനാരോഗ്യം, ജലക്ഷാമം, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കൃത്യമായ നിലപാടുകൾ സ്വീകരിച്ചില്ലെങ്കിൽ കടുത്ത പ്രതിസന്ധി ആയിരിക്കും കേരളത്തിൽ വരാനിരിക്കുന്നത് എന്നാണ് വിവിധ കാലാവസ്ഥ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉഷ്ണ തരംഗ മുന്നറിയിപ്പുകൾ യഥാസമയം നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഉഷ്ണ തരംഗത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി പകൽ സമയങ്ങളിൽ താപനില കൂടുതലുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകുന്നുണ്ട്. ശരിയായ രീതിയിൽ ശ്രദ്ധ പാലിച്ചില്ലെങ്കിൽ മഴക്കാല ദുരന്തങ്ങൾക്ക് സമാനമായി വേനൽക്കാലത്തും വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം എന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
Discussion about this post