കൊച്ചി: കമ്പനി നിയമങ്ങള്‍ ലംഘിച്ച് വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ഇന്ത്യാവിഷന് വാര്‍ത്താ ചാനലിന്റെ റസിഡന്റ് ഡയറക്ടറും മന്ത്രി എംകെ മുനീറിന്റെ വിശ്വസ്തനുമായ ജമാലുദ്ദീന്‍ ഫാറൂഖിയെ സെന്‍ട്രല്‍ എക്സൈസ് വിഭാഗം അറസ്റ്റു ചെയ്തു. സേവന നികുതി ഇനത്തില്‍ പരസ്യഏജന്സികളില്നിന്നും പരസ്യ ദാതാക്കളില്‍നിന്നും ഈടാക്കിയ തുക കേന്ദ്രസര്‍ക്കാരില്‍ അടയ്ക്കാതെ വെട്ടിപ്പ് നടത്തിയയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
2.40 കോടി രൂപയുടെ ക്രമക്കേടാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. സേവന നികുതിയിനത്തില്‍മാത്രം 13 കോടിയോളം രൂപ ഇന്ത്യാവിഷന് കുടിശിക വരുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണക്കെടുപ്പ്.
നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് പലതവണ നോട്ടിസ് നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനാല്‍ തിങ്കളാഴ്ച സെന്‍ട്രല്‍ എക്സൈസ് കൊച്ചി റീജിയണല്‍ ഓഫീസിലെ പ്രത്യേക അന്വേഷണ സംഘം ഇന്ത്യാവിഷന്റെ കൊച്ചിയിലെ ആസ്ഥാനം റെയ്ഡ് ചെയ്ത് രേഖകള്‍ കണ്ടുകെട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ്. രാത്രി 7.15 ഓടെയായിരുന്നു അറസ്റ്റ്.
കോടികളുടെ കുടിശിക കണ്ടതിനെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് വിവിധ പരസ്യ ഏജന്‍സികള്‍ക്ക് സെന്‍ട്രല്‍ എക്സൈസ് വിഭാഗം നോട്ടീസ് നല്‍കിയിരുന്നു. ഇന്ത്യാവിഷന് നല്കുന്ന പരസ്യതുകയില്നിന്നും സെന്‍ട്രല്‍ എക്സൈസിന് നല്‍കേണ്ട കുടിശിക തുക അടയ്ക്കണമെന്നായിരുന്നു നോട്ടിസിലെ നിര്‍ദ്ദേശം. എന്നാല്‍, സേവന നികുതിയിനത്തില്‍ ഏജന്‍സികള്‍ നല്‍കേണ്ട തുക ഇന്ത്യാവിഷന് നേരത്തെ തന്നെ പിരിച്ചെടുത്തിട്ടുണ്ടെന്നും തുക അടയ്ക്കാത്തതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നും കാണിച്ച് പരസ്യ ഏജന്‍സികള്‍ സെന്‍ട്രല്‍ എക്സൈസിന് മറുപടി നല്കി. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സ്ഥാപനത്തില്‍ നടപടിയെടുത്തത്.
ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഒരുമാസത്തിലേറെയായി ഇന്ത്യാവിഷന് വാര്‍ത്താ സംപ്രേഷണം നിലച്ചിരിക്കുകയാണ്. ശമ്പള കുടിശിക തീര്‍ക്കുമെന്ന് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നല്കിയ ഉറപ്പും ഇതുവരെ പാലിച്ചിട്ടില്ല. കുടിശ്ശിക നല്‍കിയില്ലെങ്കില്‍ ചാനല്‍ ഡയറക്ടര്‍മാരുടെ സ്വത്ത് കണ്ട് കെട്ടുമെന്ന് ലേബര്‍ കമ്മീഷണര്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
മന്ത്രി എം.കെ മുനീര്‍ ചെയര്‍മാനായുള്ള ചാനല്‍ ഇതോടെ അടച്ച് പൂട്ടല്‍ ഭീഷണി നേരിടുകയാണ്.
Discussion about this post