ഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതിയുടെ അഭിമുഖം ബിബിസി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യണമെന്ന് പ്രശസ്ത മലയാളി എഴുത്തുകാരന് എന്‍.എസ്.മാധവന്റെ മകളും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവന്. ഇത്തരത്തിലുള്ള അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്താല്‍ മാത്രമെ ഇത്തരം ‘പീഡന വീര’ന്മാരുടെ മനസിലിരുപ്പ് എന്താണെന്ന് വെളിവാകുകയുള്ളൂവെന്നും ഒരു ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മീനാക്ഷി വിശദീകരിച്ചു.
മീനാക്ഷി ഉന്നയിക്കുന്ന വിഷയങ്ങള്‍ ഇവയാണ്- ആരുടെ മാന്യത സംരക്ഷിക്കാനാണ് ഡല്‍ഹി പോലിസ് അഭിമുഖം സംപ്രേഷണം ചെയ്യാന്‍ അനുമതി നിഷേധിക്കുന്നത്?,ഒരു പെണ്‍കുട്ടിയെ ക്രൂരമായി പിച്ചിച്ചീന്തിയവര്‍ നാണമോ കുറ്റബോധമോ ഇല്ലാതെ അതേക്കുറിച്ച് സംസാരിക്കുമ്പോള്‍ പൊലീസിന് നാണക്കേട് തോന്നുന്നില്ലേ,,?
ഇത്തരം അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കലാപം ഉണ്ടാവുമെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ ഓരോ പീഡനങ്ങള്‍ക്കെതിരെയും ഇവിടെ കലാപം ഉണ്ടാവുകയാണ് വേണ്ടത്. പീഡന കേസിലെ പ്രതികള്‍ക്ക് ഇത്തരത്തില്‍ സംസാരിക്കാന്‍ സാഹചര്യം നല്‍കുന്നത് എന്തിനാണെന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍,അയാള്‍ക്ക് പറയാനുള്ളത് കേള്ക്കാതിരിക്കുന്നതിലൂടെ നമുക്ക് എന്ത് നേട്ടമാണ് ഉണ്ടാവുന്നതെന്നാണ് താന്‍ തിരിച്ചു ചോദിക്കുന്നത്. അയാള്‍ പറയുന്നത് അയാളുടെ ചിന്തകളെ കുറിച്ചാണ് എന്നും മീനാക്ഷി പറയുന്നു.
ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതി മുകേഷ് സിംഗിന്റെ അഭിമുഖം ബിബിസി ഇന്ന് സംപ്രേഷണം ചെയ്തിരുന്നുവെങ്കിലും വിലക്ക് മൂലം ഇന്ത്യയില്‍ കാണിച്ചിരുന്നില്ല. മാര്‍ച്ച് എട്ടിന് അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ബി.ബി.സിക്കു വേണ്ടിയാണ് ലെസ്ലി ഉഡ്വിന് എന്ന ബ്രിട്ടീഷ് സംവിധായക അഭിമുഖം തയ്യാറാക്കിയത്. എന്നാല്‍ വിവാദമായതിനെ തുടര്‍ന്ന് അഭിമുഴവും ഡോക്യുമെന്ററിയും നേരത്തെ സംപ്രേഷണം ചെയ്യുകയായിരുന്നു.
‘ബലാത്സംഗത്തില്‍ പുരുഷനെക്കാള്‍ ഉത്തരവാദി സ്ത്രീയാണ്. ബലാത്സംഗം നടത്തിയപ്പോള്‍ എതിര്‍ത്തതു കൊണ്ടാണ് അവളെ കൊല്ലേണ്ടി വന്നത്. അവള് മിണ്ടാതെ അത് അനുവദിക്കണമായിരുന്നു. ….പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളത് വീട്ടു ജോലിയാണ്. അല്ലാതെ മോശം വസ്ത്രം ധരിച്ച് രാത്രി ഡിസ്കോയ്ക്ക് പോകലല്ല. ആകെ 20 ശതമാനം പെണ്ണുങ്ങളേ കാണൂ നല്ലവര്‍’ ഇതായിരുന്നു വിവാദ അഭിമുഖത്തില്‍ മുകേഷ് സിംഗ് നടത്തിയ പരാമര്‍ശം.
ഇത് വിവാദമായതോടെ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിക്കുകയായിരുന്നു.
Discussion about this post