ഡല്‍ഹി: പാക് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി സൈന്യം. എങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസിന്റേതാണ്.
മിന്നലാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യന്‍ വാദം വ്യാജമാണെന്ന പാക് പ്രചാരണം അവസാനിപ്പിക്കാന്‍ ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നാണ് സൈന്യം കരുതുന്നത്. ഇതേച്ചൊല്ലി ഇന്ത്യയിലും വിവിധ രാഷ്ട്രീയ കക്ഷികള്‍ ആരോപണമുന്നയിച്ചിരുന്നു. പാകിസ്ഥാനെതിരെ ഇന്ത്യ അതിര്‍ത്തികടന്ന് നടത്തിയ മിന്നലാക്രമണത്തിന് കേന്ദ്രസര്‍ക്കാര്‍ തെളിവ് ഹാജരാക്കാത്തിടത്തോളം അതു കെട്ടുകഥയാണെന്ന തോന്നല്‍ നിലനില്‍ക്കുമെന്നാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം കഴിഞ്ഞ ദിവസം പറഞ്ഞത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ആക്രമണത്തിന്റെ വീഡിയോയും ചിത്രങ്ങളും ആളില്ലാ വിമാനം ഉപയോഗിച്ച് ചിത്രീകരിച്ചതായി ഇന്ത്യ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മിന്നലാക്രമണമെന്ന ഇന്ത്യയുടെ അവകാശവാദം ഭാവനാസൃഷ്ടി മാത്രമാണെന്നും ഇതിന് അടിസ്ഥാനമില്ലെന്നുമാണ് പാകിസ്ഥാന് പ്രചരിപ്പിക്കുന്നത്.
ഇന്ത്യയുടെ വാദം നുണയാണെന്ന് തെളിയിക്കാന്‍ വിദേശപത്രപ്രവര്ത്തകരുമായി പാകിസ്ഥാന് അധികൃതര്‍ അതിര്‍ത്തിപ്രദേശത്ത് എത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരെ നിയന്ത്രണരേഖയ്ക്ക് രണ്ടുകിലോമീറ്റര്‍വരെ അകലത്തില്‍ ഹെലികോപ്റ്ററില്‍ കൊണ്ടുപോയാണ് പാകിസ്ഥാന് ഇന്ത്യയുടെ അവകാശവാദം തള്ളാന്‍ തെളിവുനിരത്തിയത്.
Discussion about this post