കോയമ്പത്തൂര്‍: റിലീസ് ചെയ്ത ഉടന്‍ സിനിമകള്‍ പതിവായി ഇന്റര്‍നെറ്റിലെത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണികളായ മൂന്നു പേര് അറസ്റ്റില്‍. തമിഴ് റോക്കേഴ്സ് വെബ്സൈറ്റിന്റെ നടത്തിപ്പുകാരായ സതീഷ്, ശ്രീനി, ഭുവനേഷ് എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഡി.വൈ.എസ്.പി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ആന്റി പൈറസ് സെല്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
മലയാളം, തമിഴ്, തെലുങ്ക് സിനിമകള്‍ റിലീസ് ചെയ്താല്‍ ഉടന്‍ ചോര്‍ത്തി ഇവര്‍ ഇന്റനെറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതിനായി കോയമ്പത്തൂരില്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. തമിഴ് ടൊറന്റ് സൈറ്റുകളിലും സിനിമ ചോര്‍ത്തി അപ്ലോഡ് ചെയ്തിരുന്നതായാണ് വിവരം. അന്താരാഷ്ട്ര പൈറസി മാഫിയയുമായി ഇവര്‍ക്ക് ബന്ധമുള്ളതായാണ് റിപ്പോര്‍ട്ട്. പുലിമുരുകന് സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്.
Discussion about this post