തിരുവനന്തപുരം: വിജിലന്‍സ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ടഅവധി എടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 19ന് നിലപാട് അറിയിക്കണമെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടു.
ഐഎഎസുകാരുടെ സമരത്തിന് ചീഫ് സെക്രട്ടറി പിന്തുണ നല്‍കിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. മന്ത്രിമാര്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും എതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്താനുള്ള വിജിലന്‍സിന്റെ ശിപാര്‍ശകള്‍ തീരുമാനമെടുക്കാതെ പൂഴ്ത്തിയെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് രംഗത്തെത്തി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കൂട്ട അവധി എടുത്ത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ചീഫ് സെക്രട്ടറിയുടെ അതൃപ്തിക്ക് കാരണമായത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ സമീപനത്തിലും അദ്ദേഹത്തിന് പരാതിയുണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തില്‍ ചീഫ് സെക്രട്ടറിയേയും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നു ചീഫ് സെക്രട്ടറി തന്റെ പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
Discussion about this post