കൊച്ചി: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നും കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യം ഉയര്ന്നിരിക്കുന്നതിനിടെ, കോളേജിന് അംഗീകാരമില്ലെന്ന വെളിപ്പെടുത്തലുമായി അഭിഭാഷകന് രംഗത്ത്. സര്‍വകലാശാലയുടെ അംഗീകാരത്തിനായി ലോ അക്കാദമി അപേക്ഷിച്ചിട്ടു പോലുമില്ലെന്ന് അഫിലിയേഷന് പ്രശ്നത്തില്‍ അക്കാദമിക്കെതിരെ 35 വര്‍ഷം മമ്പ് സുപ്രീം കോടതി വരെ കേസ് നടത്തിയ കൊച്ചിയിലെ അഭിഭാഷകന് ഡോക്ടര്‍ വിന്‍സന്റ് പാനിക്കുളങ്ങര പറഞ്ഞു. അംഗീകാരം വ്യക്തമാക്കുന്ന രേഖകള്‍ക്കായി സര്‍വകലാശാലയില്‍ അന്വേഷിച്ച് സമയം പാഴാക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോളജിന്റെ അഫിലിയേഷനുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് കേരള സര്‍വകലാശാലയും വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.
1982-ല്‍ പ്രിന്‍സിപ്പലായിരുന്ന നാരായണന് നായരുടെ സര്‍വകലാശാലാ സിന്‍ഡിക്കറ്റിലെ അംഗത്വത്തെച്ചൊല്ലിയുള്ള പ്രശ്നമാണ് കോടതിയില്‍ എത്തിയത്. അഫിലിയേഷന് ഇല്ലാത്ത ലാ അക്കാഡമിയിലെ പ്രിന്‍സിപ്പലിന് സിന്‍ഡിക്കേറ്റില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു. എന്നാല്‍, ദീര്‍ഘകാലം പ്രിന്‍സിപ്പല്‍ കോളജിനെ പ്രതിനിധീകരിച്ചതിനാല്‍ പ്രത്യേക സാഹചര്യത്തില്‍ അഫിലിയേഷന് ഉള്ളതായി കാണാം എന്നായിരുന്നു ഹൈക്കോടതി വിധിക്കെതിരെ നല്കിയ അപ്പീലില്‍ സുപ്രീംകോടതിയുടെ വിധിയെന്നും വിന്‍സെന്റ് പറഞ്ഞു. ഈ കേസിനു ശേഷവും അഫിലിയേഷനായി അപേക്ഷിക്കാന്‍ അക്കാദമി തയ്യാറായില്ല. അംഗീകാരത്തിനായി ശ്രമിച്ചാല്‍ ഇത്രകാലം അഫിലിയേഷന് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചത് എന്ന രഹസ്യം പുറത്താവുമെന്നായിരുന്നു മാനേജ്മെന്റിന്റെ ഭയം. കോളജിന് അംഗീകാരം ഇല്ലെന്ന് അറിഞ്ഞാല്‍ പല അഭിഭാഷകരുടെയും ജോലി പോവും. പല ജഡ്ജിമാരുടെയും ഉത്തരവുകള്‍ വരെ അസാധുവാകുന്ന അവസ്ഥയും സംജാതമാവുമായിരുന്നെന്നും വിന്‍സെന്റ് പറഞ്ഞു. കേസ് നടത്തിയതിനെ തുടര്‍ന്ന് തനിക്ക് നേരെ പിന്നീട് ഉപദ്രവങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി. അഭിഭാഷകവൃത്തിയില്‍ നിന്ന് അകാരണമായി തന്നെ സസ്പെന്‍ഡ് ചെയ്യിച്ചു. പിന്നീട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിച്ചാണ് തിരികെ ജോലിയില്‍ കയറിയതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post