നാദാപുരം: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഭരണ പരിഷ്ക്കാര കമീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. ജിഷ്ണു പ്രണോയിയുടെ വീട്ടില്‍ മാതാപിതാക്കളെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് വി.എസ് ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയന് വീട്ടിലെത്തുകയോ അനുശോചനം പോലും രേഖപ്പെടുത്തുകയോ ചെയ്യാത്തതില്‍ പരസ്യമായി ദു:ഖം അറിയിച്ച ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ക്ക് വി.എസിന്റെ സന്ദര്‍ശനത്തില്‍ പ്രതീക്ഷ പകരുന്നതാണ്. നെഹ്റു കോളജ് ചെയര്മാന് കൃഷ്ണദാസടക്കം മൂന്ന് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയെങ്കിലും ഇതേ വരെ അറസ്റ്റ് ചെയ്യാത്തതിലുള്ള അമര്‍ഷം കുടുംബം വി.എസിനെ അറിയിച്ചു.
പ്രതികളെ മുഴുവന്‍ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്നും ഇപ്പോള്‍ ഒളിവിലുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കരുതെന്നും കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഉദയഭാനുവിനെ ലഭിക്കണമെന്നും കുടുംബാംഗങ്ങള്‍ വി.എസിനെ അറിയിച്ചുവെന്നാണ് സൂചന.
Discussion about this post