പത്തനംതിട്ട: എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പിന്നാലെ കോൺഗ്രസ് അനുകൂല സർവ്വീസ് സംഘടനാ നേതാവും ബിജെപിയിലേക്ക്. എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റോയി മാത്യു ചാങ്ങയിൽ ആണ് ബിജെപി അംഗത്വം സ്വീകരിച്ചത്. പത്തനംതിട്ടയിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ റോയി മാത്യുവിന് അംഗത്വം നൽകി.
മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയിലെ പാസ്റ്റർ കൗൺസിൽ അംഗവുമാണ് റോയി മാത്യു. പത്തനംതിട്ട നഗരത്തോട് ചേർന്ന കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ മൈലപ്രയിൽ നിന്നുളള പാർട്ടി നേതാവ് കൂടിയാണ്. കുടുംബപരമായി കോൺഗ്രസ് പ്രവർത്തകരായിരുന്നു. ആ പാരമ്പര്യം ഉപേക്ഷിച്ചാണ് റോയി മാത്യു ദേശീയതയുടെ ഭാഗമായി ബിജെപിയിലെത്തിയത്.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായ എകെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി ഇന്നലെ ബിജെപിയിൽ ചേർന്നിരുന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിജെപി ദേശീയ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു അനിൽ ബിജെപി അംഗത്വം എടുത്തത്. ഇതിന്റെ ക്ഷീണത്തിൽ നിന്ന് കോൺഗ്രസ് മുക്തമാകുന്നതിന് മുൻപാണ് പാർട്ടിയുടെ ശക്തികേന്ദ്രമെന്ന് നേതാക്കൾ അവകാശപ്പെടുന്ന പത്തനംതിട്ടയിൽ നിന്നും മറ്റൊരു നേതാവ് കൂടി ബിജെപിയിലെത്തിയത്.
ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.എ സൂരജ്, മണ്ഡലം ജനറൽ സെക്രട്ടറി പി.എസ് പ്രകാശ്, കർഷകമോർച്ച ജില്ലാ അദ്ധ്യക്ഷൻ ശ്യാം തട്ടയിൽ, കർഷകമോർച്ച ജില്ലാ ട്രഷറർ വിജയകുമാരൻ നായർ, കർഷക മോർച്ച പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് ആർ ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം സുനിൽ ചാങ്ങയിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.












