പേരാവൂര്‍: കണ്ണൂര്‍ പേരാവൂരില്‍ പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ അറസ്റ്റിലായ വൈദികന് റോബിന് വടക്കുംചേരി (48) കുറ്റം സമ്മതിച്ചു. വൈദികനെ സംരക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടക്കുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവെച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും വൈദികനെ രക്ഷപെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെയും കേസെടുക്കാനും പോലീസ് ആലോചിക്കുന്നു. ചോദ്യം ചെയ്യലില്‍ റോബിന് കുറ്റം സമ്മതിച്ചതായാണ് പോലീസ് നല്കുന്ന വിവരം. വൈദികനെ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഒളിവില്‍ പോയ വൈദികനെ തിങ്കളാഴ്ചയാണ് പോലീസ് തൃശ്ശൂര്‍ ചാലക്കുടിയില്‍നിന്ന് പോലീസ് പിടികൂടിയത്. ഇയാള്‍ കാനഡയിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റ പിടിയിലായത്.
സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആസ്പത്രിയിലാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രി അധികൃതര്‍ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയോ ആവശ്യമായ നടപടക്രമങ്ങള്‍ പാലിക്കുകയോ ചെയ്തിരുന്നില്ല. പ്രസവ ശേഷം കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേയ്ക്ക് മാറ്റിയിരുന്നു. ഇക്കാര്യങ്ങളെല്ലാം രഹസ്യമാക്കിവെച്ചത് ഉന്നത കേന്ദ്രങ്ങളില്‍നിന്നുള്ള ഇടപെടലുകളുടെ ഫലമായാണെന്നാണ് പോലീസ് കരുതുന്നത്. മാത്രമല്ല, സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ റോബിന് രക്ഷപെടുന്നതിന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് സഹായം ലഭിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രക്ഷപെടാന്‍ സഹായമൊരുക്കിയവര്ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസ് ആലോചിക്കുന്നുണ്ട്. കൂടുതല്‍ പെണ്‍കുട്ടികള്‍ വൈദികന്റെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കും.
കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് (പോക്സോ) ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ കഴിയുന്നതിനു മുന്‍പ് ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. തെളിവെടുപ്പിനു ശേഷം റോബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജരുമായ ഫാദര്‍ റോബിന് വടക്കുംചേരിയെ തിങ്കളാഴ്ചയാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്. 16 വയസുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്.
ഉന്നതരായ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് സംഭവം ഒതുക്കി തീര്‍ക്കുകയും കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണത്തില്‍ കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തില്‍നിന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ തിങ്കളാഴ്ച്ച വൈകീട്ടോടെ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ അധീനതയിലുള്ള അനാഥാലയത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post