കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. പള്‍സര്‍ സുനിയും സംഘവും നടി സഞ്ചരിച്ചിരുന്ന കാറിനെ ടെമ്പോ ട്രാവലറില്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഈ വാഹനമാണ് പ്രതികള്‍ നടിയുടെ കാറില്‍ ഇടിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത് കൊച്ചി നഗരത്തില്‍ നിന്നാണ്. ഹൈവേയിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
പ്രതികള്‍ വെണ്ണലയില്‍ വാഹനം നിര്‍ത്തി സമീപത്തുള്ള കടയില്‍ നിന്ന് വെള്ളം വാങ്ങുന്ന ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹൈവേയുടെ സമീപത്തുള്ള കടയില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നാണ് നിര്‍ണായകമായ തെളിവുകള്‍ പോലീസിന് ലഭിച്ചത്.
സംഭവം നടന്നതിന് പിന്നാലെ ഹൈവേയിലും സമീപത്തുള്ള സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിനൊപ്പം ഗോശ്രീ പാലത്തിന് സമീപത്തുള്ള ഫ്ളാറ്റുകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഗോശ്രീപാലത്തില്‍ നിന്ന് കായലിലേക്കെറിഞ്ഞു എന്നാണ് സുനി പോലീസിനെ അറിയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫ്ളാറ്റുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചത്. ഇത് പോലീസ് പരിശോധിച്ചു വരികയാണ്.
Discussion about this post