സിപിഐഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്കും കൈരളി ചാനലിനും എങ്ങനെ കൂറ്റന്‍ ഓഫിസും കെട്ടിടങ്ങളും ഉണ്ടായെന്ന് നിയമസഭയില്‍ ചോദ്യം ഉന്നയിച്ച് മുസ്ലിം ലീഗ് എംഎല്‍എ ടി.എ അഹമ്മദ് കബീര്‍. ചോദ്യത്തിന് മറുപടി കൊടുത്ത പിണറായി വിജയനെ അംഗീകരിച്ച് സഭയില്‍ നിന്നുയര്‍ന്ന ശബ്ദം മുസ്ലിംലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടിയുടേതാണ്. നിയമസഭയില്‍ ഇന്നലെയാണ് കൈരളിയും ദേശാഭിമാനിയും ചോദ്യമായതും മറുപടികള്‍ ഉയര്‍ന്നതും. കൈരളിക്ക് കൂറ്റന്‍ ഓഫിസും കെട്ടിടങ്ങളും എങ്ങനെയാണ് വന്നതെന്ന് മുഖ്യമന്ത്രി നല്‍കിയ മറുപടിയാകട്ടെ സഭയിലെ പലര്‍ക്കും പുതിയ അറിവ് കൂടിയായിരുന്നു.
‘ദേശാഭിമാനിക്ക് എങ്ങനെയാണ് കൂറ്റന്‍ കെട്ടിടങ്ങളും ഓഫിസും ഉണ്ടായതെന്ന് നാട്ടിലെ ജനങ്ങള്‍ക്കറിയാം. കൈരളിയുടെ കാര്യം നിങ്ങള്‍ നിങ്ങളുടെ നേതാവിനോട് ചോദിക്കുക’. ലീഗ് എംഎല്‍എ ടി.എ അഹമ്മദ് കബീറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു. മുഖ്യമന്ത്രി ഇത് പറഞ്ഞുനിര്‍ത്തിയതും എംഎല്‍എമാരുടെ നോട്ടം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മുഖത്തേക്കായിരുന്നു. പിന്നാലെ മുഖ്യമന്ത്രി തന്നെ കാര്യം വിശദമാക്കി.
കൈരളി രൂപം കൊളളുമ്പോള്‍ പണപ്പിരിവിനും മറ്റും മുന്നില്‍ നില്‍ക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നു. വഹാബായിരുന്നു ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത്. പി.വി അബ്ദുള്‍ വഹാബ് ആണെന്ന് തോന്നുന്നു. അയാളെ ഇപ്പോള്‍ നിങ്ങളുടെ പാര്‍ട്ടിയുടെ എന്തോ ഭാരവാഹിയായി തെരഞ്ഞെടുത്തിട്ടുണ്ട്. വഹാബിനെ നിങ്ങള്‍ക്കറിയില്ലേ. അദ്ദേഹത്തോട് ചോദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു നിര്‍ത്തി.
പിന്നാലെ വിശദീകരണവുമായി ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി തന്നെ എഴുന്നേറ്റു. ശരിയാണ്, ഒരു പുതിയ ചാനല്‍ വന്നപ്പോള്‍ വഹാബ് സാഹിബും ഞങ്ങളും കെഎംസിസിയും ഒക്കെ സഹായിച്ചിട്ടുണ്ട്. അതൊരു മര്യാദ. ഈ വിശദീകരണ മറുപടി കൂടി കേട്ടപ്പോഴാണ് ചോദ്യമുന്നയിച്ച ടി.എ അഹമ്മദ് കബീറിന് ആശ്വാസമായത്.
Discussion about this post