കണ്ണൂര്‍: തലശ്ശേരിയില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്ത്തകന് സന്തോഷ് കുമാറിന്റെ കുടുംബത്തെ ചലച്ചിത്രതാരം സുരേഷ്ഗോപി എം.പി സന്ദര്‍ശിച്ചു. തന്റെ അച്ഛനെ കൊന്നതെന്തിനെന്ന് ചോദിച്ചുകൊണ്ടുളള സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയയുടെ സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റ് ദേശീയ ശ്രദ്ധ നേടിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് തന്റെ സന്ദര്‍ശനമെന്ന് സുരേഷ്ഗോപി പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭീകരത സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെ ജനാധിപത്യ രീതിയില്‍ തന്നെ കൈകാര്യം ചെയ്യാന്‍ യുദ്ധസമാനമായ നീക്കത്തിന് ദേശീയതലത്തില്‍ ബി.ജെ.പി തുടക്കം കുറിക്കുമെന്ന് സുരേഷ്ഗോപി എം.പി പറഞ്ഞു. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വൈകിട്ട് അഞ്ചുമണിയോടെയാണ് ധര്‍മ്മടം അണ്ടലൂരിലെ സന്തോഷ്കുമാറിന്റെ വീട്ടില്‍ സുരേഷ്ഗോപി എത്തിയത്. സന്തോഷിന്റെ ഭാര്യ ബേബി, മക്കളായ സാരംഗ്, വിസ്മയ എന്നിവര്‍ക്കൊപ്പം ഏറെ നേരം ചിലവഴിച്ച്, അവരെ സാന്ത്വനപ്പെടുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Discussion about this post