കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പുതിയൊരു തസ്തിക നല്കി തല്‍സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. സി.പി.എമ്മിലും സര്‍ക്കാരിലും ഉദ്യോഗസ്ഥതലത്തിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് അതൃപ്തിവര്ധിച്ച സാഹചര്യത്തിലാണിതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൈക്കോടതി വിജിലന്‍സിനെതിരെ നടത്തിയ പരാമര്‍ശങ്ങളും നിര്‍ണായകമാകുന്നുണ്ട്. ജേക്കബ് തോമസിനൊപ്പം മറ്റുചില ഐ.എസ്.എസ്., ഐ.പി.എസ്. ഓഫീസര്‍മാര്‍ക്കും മാറ്റമുണ്ടായേക്കും. മൂന്നാറിലെ ഭൂമി കൈയേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമാണ് ഇതിലൊരാള്‍.
ഇ.പി. ജയരാജന് മന്ത്രിയായിരിക്കെ നടന്ന നിയമനത്തില്‍ സ്വജനപക്ഷപാതമുണ്ടെന്ന വിജിലന്‍സ് നിലപാട് ഡയറക്ടര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുള്ളതായാണ് വിവരം. എന്നാല്‍, മുതിര്‍ന്ന നേതാവിനെതിരായ ഈ നിലപാട് അംഗീകരിക്കാന്‍ സി.പി.എം. തയ്യാറല്ല. പാര്‍ട്ടിയുടെ രാഷ്ട്രീയതാത്പര്യം സംരക്ഷിക്കാന്‍ തന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയെ ബലികൊടുക്കാന്‍ ജേക്കബ് തോമസും ഒരുക്കമല്ല. സ്പോര്‍ട്സ് ലോട്ടറിയുമായി ബന്ധപ്പെട്ട കേസില്‍ ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്. സമര്‍പ്പിച്ചതും സി.പി.എമ്മിനെ ബുദ്ധിമുട്ടിക്കുന്നു. ജേക്കബ് തോമസിനെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യം പാര്‍ട്ടിനേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് സൂചന.
സംസ്ഥാനത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥ സംഘടന ജേക്കബ് തോമസിനെതിരെ പരസ്യമായിത്തന്നെ നിലപാടെടുത്തിട്ടുണ്ട്. ഡ്രഡ്ജര്‍ ഇടപാടില്‍ അദ്ദേഹം ക്രമക്കേട് കാട്ടിയെന്ന റിപ്പോര്‍ട്ടിനുപിന്നാലെ സ്വത്തു സംബന്ധിച്ച മറ്റൊരു വിവാദവും ഉയര്‍ന്നിട്ടുണ്ട്. തമിഴ്നാട്ടിലെ വിരുതുനഗറില്‍ അദ്ദേഹത്തിന് 50 ഏക്കര്‍ ഭൂമിയുണ്ടെന്നതാണ് വിവാദത്തിന്റെ കാതല്‍. ഇത്, ഈ വര്‍ഷം ആദ്യം ജേക്കബ് തോമസ് സര്‍ക്കാരിനുസമര്‍പ്പിച്ച സ്വത്തുസംബന്ധിച്ച വിവരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുമ്പ് രണ്ടുതവണ ഈ ഭൂമി തന്റെ സ്വത്തുവിവരണങ്ങളില് ഉള്‍പ്പെടുത്തി ജേക്കബ് തോമസ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
സ്വത്തുവിവരങ്ങള്‍ വിവാദമാക്കുന്നതിന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നത് ഐ.എ.എസ്. തലത്തില്‍നിന്നു തന്നെയാണെന്ന് ജേക്കബ് തോമസ് കരുതുന്നു. മുമ്പ് തനിക്കെതിരായ നീക്കങ്ങള്‍ക്കെല്ലാം സംരക്ഷണംതേടി ജേക്കബ് തോമസ് സമീപിച്ചിട്ടുള്ളത് മുഖ്യമന്ത്രിയെയാണ്. എന്നാല്‍, ഇപ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തെ പൂര്‍ണമായി തുണയ്ക്കുന്നില്ല. വിജിലന്‍സിനെതിരെ ചില ഹൈക്കോടതി പരാമര്‍ശങ്ങള്‍ വന്നയുടനെ, വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം തീരുമാനിച്ചിരുന്നു. ലാവലിന്‍ കേസുകൂടി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സന്ദര്‍ഭത്തില്‍ കോടതിയെ ചൊടിപ്പിക്കുന്ന ഒരു നടപടിയും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രിക്കും നിര്‍ബന്ധമുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് സ്ഥാനംനഷ്ടപ്പെടാനുള്ള സാധ്യതയേറുന്നത്. ഇ.പി. ജയരാജനെതിരായ കേസില്‍, സ്വജനപക്ഷപാതമുണ്ടെന്നത് അന്വേഷണോദ്യോഗസ്ഥന്റെ നിഗമനം മാത്രമാണെന്നും സര്‍ക്കാരിന് അങ്ങനെയൊരു നിലപാടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വെളിപ്പെടുത്തിയതും ശ്രദ്ധേയമാണ്. വിജിലന്‍സിന്റെ നീക്കങ്ങള്‍ക്കെല്ലാം സര്‍ക്കാരിന്റെയോ മുഖ്യമന്ത്രിയുടെയോ പിന്തുണയുണ്ടാവില്ലെന്ന സൂചനയാണിത് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ ഉടനെ മാറ്റുമെന്നാണ് വിവരം. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ കൈയേറ്റഭൂമിയൊഴിപ്പിക്കാന് സബ്കളക്ടര്‍ നടത്തുന്ന നീക്കങ്ങളോട് കടുത്ത എതിര്‍പ്പാണ് സി.പി.ഐ.യും സി.പി.എമ്മും പുലര്‍ത്തുന്നത്. ഇരുകക്ഷികളുടെയും ജില്ലാനേതൃത്വവും മന്ത്രി എം.എം. മണിയും സബ്കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Discussion about this post