കൊച്ചി: ലക്കിടി കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൃഷ്ണദാസിന്റെ അറസ്റ്റ് നിയമപരമല്ലെന്ന് കോടതി പറഞ്ഞു. അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തതെന്ന് കോടതി വ്യക്തമാക്കി.
കൃഷ്ണദാസിന്‍റെ അറസ്റ്റ് നിയമപരമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി വേണമെന്ന ഉത്തരവോടു കൂടിയാണ് കോടതി കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിക്കാതിരിക്കാന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത് വൈകിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരുലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യസ്ഥയിലാണ് കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്. പിആര്‍ഒ സജിത് വിശ്വനാഥന്റെ അറസ്റ്റ് കോടതി തടയുകയും മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.
പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ്. എത്രയും പെട്ടെന്ന് കൃഷ്ണദാസിനെ വിയ്യൂര്‍ ജയിലില്‍നിന്ന് മോചിപ്പിക്കണം. നിലവിലുള്ള നിയമമവ്യവസ്ഥയുടെ ലംഘനമാണ് അറസ്റ്റുമായി ബന്ധപ്പെട്ട് നടന്നത്. പ്രതിക്കു ലഭിക്കേണ്ട മുഴുവന്‍ അവകാശങ്ങളും ഹനിക്കപ്പെട്ടു. അന്വേഷണോദ്യോഗസ്ഥനായ ഫ്രാന്‍സിസ് ഹന്റിക്കെതിരെ വകുപ്പുതല നടപടിയും കോടതിയലക്ഷ്യം ഉള്‍പ്പെടയുള്ള നടപടികളും സ്വീകരിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണോദ്യോഗസ്ഥന്‍ അനാവശ്യമായ തിടുക്കം കാട്ടി. അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത് വൈകിച്ചു. രാത്രിയിലാണ് മജിസ്‌ടേറ്റിനു മുന്നില്‍ ഹാജരാക്കിയത്. ഇത് പ്രതികള്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്നതിനും ജാമ്യം ലഭിക്കുന്നതിനുമുള്ള അവസരം നിഷേധിക്കുന്നതിന് ബോധപൂര്‍വ്വം ചെയ്തതാണ്.
എന്തിനുവേണ്ടിയാണ് അറസ്റ്റെന്ന് കേസ് ഡയറിയില്‍ ഉണ്ടായിരുന്നില്ല. ഹര്‍ജിക്കാരനായ വിദ്യാര്‍ഥി നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കെയാണ് പി. കൃഷ്ണദാസ് അടക്കമുള്ള പ്രതികളെ തൃശ്ശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
ഒറ്റപ്പാലം ലക്കിടിയിലെ ജവഹര്‍ലാല്‍ കോളേജിന്റെ അനധികൃത പണപ്പിരിവുകളെക്കുറിച്ച് പരാതിപ്പെട്ടതിന് ചെയര്‍മാന്‍ കൃഷ്ണദാസ് തന്നെ മര്‍ദ്ദിച്ചുവെന്നും നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിച്ചെന്നും ചോദിക്കാനെത്തിയ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് എല്‍.എല്‍.ബി. വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് അലി(22)നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതികളെ തൃശ്ശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൃഷ്ണദാസിന് പുറമെ നെഹ്‌റു ഗ്രൂപ്പ് ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാര്‍, കോളേജിലെ അധ്യാപകനായ സുകുമാരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
Discussion about this post