ധര്‍മ്മശാല: ധര്‍മ്മശാലയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഓസിസിന് തിരിച്ചടി. രണ്ടാം ഇന്നിങ്സില്‍ അശ്വിനും ജഡേജയും ഉമേഷ് യാദവും മല്‍സരിച്ചു പന്തെറിഞ്ഞപ്പോള്‍ ഓസീസ് 137 റണ്‍സിന് പുറത്ത്. മൂവരും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഓസീസ് ക്യാംപിലെ ഏറെ നിര്‍ണായകമായ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് ഭുവനേശ്വര്‍ കുമാറും സ്വന്തമാക്കി.
32 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡു വഴങ്ങി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയ ഓസീസിന് തുടക്കം മുതല്‍ പിഴയ്ക്കുകയായിരുന്നു. സ്കോര്‍ 10 ല്‍ എത്തിയപ്പോള്‍ ഡേവിഡ് വാര്‍ണറിന്റെ വിക്കറ്റ് വീണു. 45 റണ്‍സെടുത്ത മാക്സ്വെല് ആണ് ഓസീസിന്റെ ടോപ് സ്കോറര്‍. റെന്‍ഷോ(എട്ട്), വാര്‍ണര്‍(ആറ്), ക്യാപ്റ്റന്‍ സ്മിത്ത്(17), ഹാന്‍ഡ്സ്കോംപ്(18), ഷോണ്‍ മാര്‍ഷ്(ഒന്ന്), എന്നിങ്ങനെയാണ് അവരുടെ മുന്‍നിര ബാറ്റ്സ്മാന്മാരുടെ സ്കോറുകള്‍.
നേരത്തെ 6ന് 248 എന്ന നിലയില്‍ മൂന്നാം ദിനമായ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 332നു പുറത്തായിരുന്നു. അര്‍ധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയുടെ (63) മികവിലാണ് ഇന്ത്യ നിര്‍ണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയത്. 95 പന്തില്‍ നാലു ഫോറും നാലു സിക്സറും ഉള്‍പ്പെടുന്നതാണ് ജഡേജയുടെ ഇന്നിങ്സ്.
ഏഴാം വിക്കറ്റില്‍ ജഡേജയും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് 96 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കരുതലേടെ കളിച്ച സാഹ 102 പന്തില്‍ നിന്ന് 31 റണ്‍സെടുത്തു. ഓസീസിനായി നഥാന്‍ ലയണ്‍ അഞ്ചുവിക്കറ്റും കമ്മിന്‍സ് മൂന്നു വിക്കറ്റും വീഴ്ത്തി. ഇന്നലെ കെ.എല്‍. രാഹുല്‍ (60), ചേതേശ്വര്‍ പൂജാര (57), എന്നിവര്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 300 റണ്‍സാണെടുത്തത്. നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോന്നു വീതം ജയിച്ച് സമനിലയിലാണ്. ഒരു മല്‍സരം സമനിലയിലായി.
Discussion about this post