തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ സമിതിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ ഡോ. എം. ബീന, പത്തനംതിട്ട കളക്ടര്‍ ആര്‍. ഗിരിജ എന്നിവരാണ് സമിതിയിലുള്ളത്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ പ്രവര്‍ത്തനപദ്ധതി തയാറാക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഫെബ്രുവരിയിലാണ് ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയത്.
വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്തുകയും ചെയ്തു. ശബരിമല തീര്‍ത്ഥാടകരെ ഉദ്ദേശിച്ച് ആരംഭിക്കുന്ന ഈ വിമാനത്താവളം എരുമേലിയില്‍ നിര്‍മിക്കുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ വിമാനത്താവളത്തിന് അനുമതി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ്, ളാഹയിലെ എസ്റ്റേറ്റ്, ചെങ്ങറ ഉള്‍പ്പെട്ട കുമ്പഴ എസ്റ്റേറ്റ് എന്നിവയാണ് സര്‍ക്കാര്‍ പരിഗണയിലുള്ളത്. ചെറുവള്ളി എസ്റ്റേറ്റ് ബിഷപ്പ് കെ.പി.യോഹന്നാന്റെയും ളാഹയും കുമ്പഴയും ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെയും കൈവശമാണ്.
ആറന്മുളയില്‍ വിമാനത്താവളം പണിയാനാകില്ലെന്ന് ഉറപ്പായതോടെയാണ് മറ്റിടങ്ങള്‍ പരിഗണിച്ച് തുടങ്ങിയത്. ശബരിമല തീര്‍ത്ഥാടകര്‍ക്കുകൂടി പ്രയോജനപ്പെടത്തക്കവിധമാണ് പുതിയ വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്തുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post