ഡല്‍ഹി: ശ്രീശാന്തിന്റെ വിലക്ക് നീക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ബിസിസിഐ. ശ്രീശാന്തിന്റെ റിവ്യൂ ഹര്‍ജിക്ക് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി മറുപടി നല്കി. ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു പുതിയ സാഹചര്യവും നിലവിലില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ക്രിക്കറ്റിലെ അഴിമതിക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത നടപടിയാണ് ബിസിസിഐയ്ക്കുള്ളത്. ആജീവനാന്ത വിലക്ക് നീക്കി സ്കോട്ടിഷ് ലീടില് കളിക്കാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ശ്രീശാന്ത് റിവ്യൂ ഹര്‍ജി നല്‍കിയത്.
കേരള ക്രിക്കറ്റ് അസോസിയേഷന് മുന്‍ പ്രസിഡന്റും ബി.സി.സി.ഐ ഭാരവാഹിയുമായ ടി.സി മാത്യുവും കേരള ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് വിലക്ക് നീക്കേണ്ടെന്ന തീരുമാനം ബി.സി.സി.ഐ കൈകൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ജോഹ്രി ശ്രീശാന്തിന് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു.
സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ശ്രീശാന്ത് നേരത്തെ ബി.സി.സി.ഐ സമീപിച്ചിരുന്നു. എന്നാല്‍ ബി.സി.സി.ഐ ശ്രീശാന്തിന് എന്‍.ഒ.സി നിഷേധിക്കുകയാണുണ്ടായത്. പിന്നീട് ബി.സി.സി.ഐയില്‍ അടിമുടി മാറ്റം വരുകയും സുപ്രീം കോടതി നിയമിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചുമതലയേല്‍ക്കുകയും ചെയ്തത് ശ്രീശാന്തിന് പ്രതീക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് ശ്രീശാന്ത് വീണ്ടും റിവ്യൂ ഹര്‍ജി നല്‍കിയത്.
തന്നെ വിലക്കിയുള്ള ഔദ്യോഗിക അറിയിപ്പ് ബി.സി.സി.ഐയില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോപണമുന്നയിച്ച ശ്രീശാന്ത് കോടതി കുറ്റവിമുക്തനാക്കിയ തനിക്കെതിരെ ബി.സി.സി.ഐ എങ്ങനെയാണ് വിലക്കേര്പ്പെടുത്തകയെന്നും ചോദിച്ചിരുന്നു. തുടര്‍ന്ന് കെ.സി.എ മുഖേനെ ബി.സി.സി.ഐ വിലക്കി കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ശ്രീശാന്തിന് അയക്കുകയും ചെയ്തിരുന്നു.
2013 ഐ.പി.എല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന് റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു
ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മലയാളിയായ ശ്രീശാന്ത് 27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്. പത്ത് ടിട്വന്റിയില്‍ നിന്ന് ഏഴു വിക്കറ്റും നേടിയ ശ്രീശാന്തിന്റെ ക്യാച്ചിലാണ് ഇന്ത്യ 2007 ടിട്വന്റി ലോകകപ്പ് കിരീടം നേടിയത്.
Discussion about this post