തൃശൂര്‍: മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ റവന്യൂവകുപ്പ് പൊളിച്ച കുരിശ് പുനഃസ്ഥാപിക്കണമെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് സംഘടന. ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ഥിക്കാനെത്തുന്ന സ്ഥലമാണ് അതെന്നും കുരിശ് തകര്‍ത്തെങ്കിലും ഇനിയും അവിടെ പോയി പ്രാര്‍ഥിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ തൃശൂരില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മരിയ സൂസൈന്റെ വല്യപ്പന് 60 വര്‍ഷമായി കൈവശം വച്ച് അനുഭവിക്കുന്ന ഭൂമിയാണത്. വളരെ മുമ്പ് കുരിശ് സ്ഥാപിച്ചിട്ടുള്ളതാണ്. രണ്ടു കൊല്ലം മുമ്പ് മരിയ സൂസൈന്‍ സ്പിരിറ്റ് ഇന്‍ ജീസസിനെ സമീപിച്ച് പാപ്പാത്തിച്ചോലയിലെ കുരിശ് ജീര്‍ണിച്ചുവെന്നും വേറൊന്ന് സ്ഥാപിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. അതിന് പ്രകാരമാണ് അവിടെ പുതിയ കുരിശ് സ്ഥാപിച്ചതെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.
കുരിശ് നില്ക്കുന്ന സ്ഥലത്തിന് സമീപത്തായി അധികൃതര്‍ നശിപ്പിച്ച ഷെഡ്ഡുകള്‍ മറ്റ് ആളുകളുടേതാണെന്നും സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ പറയുന്നു. രാജകുമാരി പഞ്ചായത്തില്‍ രണ്ട് പ്രാവശ്യം പട്ടയത്തിന് അപേക്ഷ കൊടുത്തിട്ടുണ്ടെന്നും അതിന്റെ രേഖകള്‍ പഞ്ചായത്തിലുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.
Discussion about this post