കോഴിക്കോട്: വടകര കുന്നുമ്മക്കരയില്‍ ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. വെട്ടേറ്റ പ്രവര്‍ത്തകനെ വടകര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുമ്മക്കരയിലെ വിഷ്ണു (22)വിനാണ് ഇന്നലെ രാത്രി പത്തരയോടെ വെട്ടേറ്റത്. മറ്റൊരു പ്രവര്‍ത്തകന്‍ ഗണേശനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.
ഗണേശനും ആശുപത്രിയില്‍ ചികിത്സയിലാണ്. മേയ് നാലിന് നടക്കാനിരിക്കുന്ന ടി.പി. ചന്ദ്രശേഖരന്‍ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി വടകരയിലും പരിസരങ്ങളിലും സ്ഥാപിച്ച ബോര്‍ഡുകളും മറ്റും വ്യാപകമായി നശിപ്പിച്ചതായും പരാതിയുണ്ട്.
കുന്നുമ്മക്കരയില്‍ പ്രചാരണ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് വിഷ്ണുവിനെയും ഗണേശനെയും ആക്രമിച്ചത്. അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആര്‍.എം.പി കേന്ദ്രങ്ങള്‍ ആരോപിച്ചു.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഏപ്രില്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വടകരയില്‍ പ്രസംഗിക്കുന്നുണ്ട്.
അതേസമയം സി.പി.എം ക്രമിനലുകളെ നിലക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ആര്‍.എം.പി നേതാവ് കെ.കെ. രമ രംഗത്തെത്തി. ടി.പിയെ കൊലപ്പെടുത്തിയിട്ടും അദ്ദേഹത്തോടുള്ള പക സി.പി.എമ്മിന് തീര്‍ന്നിട്ടില്ലെന്നതിന്റെ തെളിവാണ് മേയ് നാലിന് നടക്കാനിരിക്കുന്ന രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചതെന്നും രമ പറഞ്ഞു.
ഭരണ മാറ്റത്തിന് ശേഷം ആര്‍.എം.പി പ്രവര്‍ത്തകരെ സിപി.എം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഈ മാസം 30ന് മുഖ്യമന്ത്രി ഇവിടെ പ്രസംഗിക്കാന്‍ വരുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ ആര്‍.എം.പിയെ തളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ഇത്തരം ശ്രമങ്ങള്‍ നടക്കില്ലെന്നും രമ പറഞ്ഞു.
Discussion about this post