തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം വിരുദ്ധത സൃഷ്ടിക്കാന്‍ സിപിഐ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. സിപിഐയിലെ ഒരുവിഭാഗം നേതാക്കളാണ് ഇതിനെല്ലാം പിന്നിലെന്നും കോടിയേരി പറയുന്നു. തിരുവനന്തപുരത്തു നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.
പാര്‍ട്ടിയുടെ മൊത്തത്തിലുള്ള പിന്തുണ ഈ നീക്കത്തിനില്ല. ഇക്കാര്യം മനസിലാക്കി വേണം പ്രതികരിക്കാനെന്നും കോടിയേരി നേതാക്കളെ ഓര്‍മപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം ആക്രമിക്കാനും ഒറ്റപ്പെടുത്താനുമാണ് സിപിഐ ശ്രമിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
മൂന്നാര്‍ കയ്യേറ്റവിഷയം സംസ്ഥാന സമിതിയില്‍ ചര്‍ച്ചയ്ക്കു വന്നപ്പോഴാണ് സിപിഐക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി വന്‍ ആക്രമണം അഴിച്ചുവിട്ടത്. സിപിഐ കൈകാര്യം ചെയ്യുന്ന റവന്യൂവകുപ്പിനെ ലക്ഷ്യമിട്ടായിരുന്നു വിമര്‍ശനങ്ങളിലേറെയും. എല്‍ഡിഎഫ് നയമാണ് നടപ്പാക്കുന്നതെന്ന്് സിപിഐ ആവര്‍ത്തിക്കുമ്പോഴും പട്ടയവിതരണം നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇക്കാര്യത്തില്‍ റവന്യൂ വകുപ്പ് കടുത്ത ഉദാസീനതയാണ് കാട്ടിയത്.
വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സിപിഐക്ക് ഇരട്ടത്താപ്പാണെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. കോടിയേരി ബാലകൃഷ്ണനാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ ടാറ്റയുടെ കയ്യേറ്റമല്ലേ ആദ്യം ഒഴിപ്പിക്കേണ്ടതെന്ന് കഴിഞ്ഞ ഇടതുമുന്നണി യോഗത്തില്‍ സിപിഎം അംഗങ്ങള്‍ ചോദിച്ചിരുന്നു. അത്തരമൊരു നടപടി ബുദ്ധിമുട്ടാകുമെന്നാണ് അന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി നല്‍കിയത്. എന്നാല്‍, ഈ യോഗത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോള്‍, ഇക്കാര്യം മാത്രം ഒരിടത്തും വന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Discussion about this post