തിരുവനന്തപുരം: ടി.പി. സെന്‍കുമാറിനെ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി നിയമിക്കാനുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറി. സെന്‍കുമാര്‍ കോടതിയലക്ഷ്യവുമായി മുന്നോട്ടുപോകുമെന്ന സൂചനയെത്തുടര്‍ന്നാണ് ആറുമാസത്തോളമായി വൈകിപ്പിച്ച ശുപാര്‍ശ ഗവര്‍ണര്‍ക്ക് അതേപടി കൈമാറിയത്.
സെന്‍കുമാറിനെ ഡി.ജി.പി.യായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവുവന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് വീണ്ടും പിന്നാക്കം പോകേണ്ടി വന്നത്. ഡി.ജി.പി. നിയമനം ഇതേവരെ നല്‍കാത്തതിനെതിരേ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. 2016 ഒക്ടോബര്‍ 22നാണ് ട്രിബ്യൂണല്‍ നിയമന ശുപാര്‍ശ സമിതി സര്‍ക്കാരിന് നല്‍കിയത്. സര്‍ക്കാരിന് വിയോജിപ്പുണ്ടായിരുന്നതിനാല്‍ ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയക്കാതെ വൈകിപ്പിച്ചു.
വീണ്ടും അപേക്ഷ ക്ഷണിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും പാനല്‍ വിപുലീകരിക്കണമെന്നും ഇതിന് ഗവര്‍ണറുടെ അനുമതി തേടണമെന്നുമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. ട്രിബ്യൂണല്‍ അംഗങ്ങളുടെ നിയമനത്തില്‍ സര്‍ക്കാരിന് പരിമിതമായ അധികാരം മാത്രമേയുള്ളൂവെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന നിയമോപദേശത്തെത്തുടര്‍ന്ന് ഈ നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഗവര്‍ണര്‍ ഉടന്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് അയയ്ക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി തലവനായ നിയമനസമിതി അംഗീകരിച്ചശേഷം രാഷ്ട്രപതിയാണ് നിയമന ഉത്തരവ് പുറപ്പെടുവിക്കുക. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗത്തിന് ഹൈക്കോടതി ജഡ്ജിക്ക് തുല്യമായ പദവിയും ആനുകൂല്യങ്ങളുമുണ്ട്. ആറുവര്‍ഷത്തേക്കാണ് നിയമനം.
ട്രിബ്യൂണലിലെ രണ്ട് ഒഴിവുകളിലേക്ക് 2010ല്‍ 20 പേരാണ് അപേക്ഷിച്ചത്. സെന്‍കുമാറിനെക്കൂടാതെ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ വി. സോമസുന്ദരവും പട്ടികയിലുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹന്‍ എം. ശാന്തനഗൗഡര്‍, പി.എസ്.സി. ചെയര്‍മാനായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍നായര്‍, ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദ് എന്നിവരടങ്ങിയ സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
Discussion about this post