കോട്ടയം: പിളര്‍പ്പിന്റെ സൂചന നല്കി കേരളകോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. കെ.എം. മാണി വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പിജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുത്തില്ല. ഇത് പാര്‍ട്ടിയുടെ അടുത്ത പിളര്‍പ്പിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം എംഎല്‍എമാര്‍ അസൗകര്യം അറിയിച്ചതിനാല്‍ യോഗം ചേര്‍ന്നില്ലെന്നായിരുന്നു കെഎം മാണിയുടെ വിശദീകരണം.
പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രതിസന്ധി ചര്‍ച്ചചെയ്യുന്നതിന് ഇന്നലെ വൈകുന്നേരം ഏഴിനാണ് പാലായിലെ വസതിയില്‍ കെ.എം മാണി എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ യോഗം ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും പിജെ ജോസഫ്, മോന്‍സ് ജോസഫ്, സിഎഫ് തോമസ് എന്നിവര്‍ യോഗത്തിനെത്തിയില്ല. യോഗത്തില്‍ ഇവരുടെ അസാന്നിദ്ധ്യം വാര്‍ത്തയായതോടെ മാണിയുടെ സമ്മര്‍ദത്തിന് വഴങ്ങി സിഎഫ് തോമസ് എത്തിച്ചേര്‍ന്നു.
മൂന്നു മണിക്കൂറുകളോളം നാല് എംഎല്‍എമാരും എംപിമാരായ ജോസ് കെ മാണിയും ജോയി എബ്രാഹാമും കൂടിയാലോചനകള്‍ നടത്തി. ഒടുവില്‍ രാത്രി വൈകി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മാണിയുടെ വിശദീകരണം എംഎല്‍എമാര്‍ അസൗകര്യം അറിയിച്ചതിനാല്‍ യോഗം ചേര്‍ന്നില്ലെന്നായിരുന്നു.
യോഗം നടക്കുന്ന സമയമത്രയും പിജെ ജോസഫ് തൊടുപുഴയിലെ തന്റെ വസതിയില്‍ ഉണ്ടായിരുന്നു. ബന്ധപ്പെടാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഫോണെടുക്കാന്‍ മോന്‍സ് ജോസഫ് തയാറായില്ല. വിഷയത്തില്‍ കടുത്ത അതൃപ്തിയുള്ളതിനാലാണ് ഇരുവരും യോഗത്തില്‍ നിന്നും വിട്ടു നിന്നതെന്നാണ് സൂചന. കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃയോഗത്തില്‍ കെഎം മാണിക്കും ജോസ് കെ മാണിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഉന്നയിച്ചത്. കെഎം മാണിയുമായി യാതൊരു ബന്ധവും പാടില്ലെന്ന പ്രമേയവും യോഗം പാസാക്കി.
അതേസമയം പ്രതിസന്ധി ഇത്ര രൂക്ഷമായ സാഹചര്യത്തില്‍ ചേര്‍ന്ന യോഗം പഴയ പിജെ ജോസഫ് വിഭാഗം ബഹിഷ്കരിച്ചതാണ് പിളര്‍പ്പിലേക്ക് വിരല്‍ ചൂണ്ടുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐഎം പിന്തുണ ലഭിച്ചതോടെയാണ് കേരളാ കോണ്‍ഗ്രസില്‍ വീണ്ടും കലാപത്തിന് മരുന്നിട്ടത്. തീരുമാനത്തില്‍ മാണിയെ പരസ്യമായി തള്ളി, പിജെ ജോസഫും മോന്‍സ് ജോസഫും മുന്‍പ് തന്നെ രംഗത്തെത്തിയിരുന്നു. ഇതോടെ മാണി നിലപാടും മാറ്റിയിരുന്നു. പ്രാദേശികമായുണ്ടാക്കിയ ഉണ്ടാക്കിയ നീക്കുപോക്കുകള്‍ കേരളാ കോണ്‍ഗ്രസ് വലിയ സംഭവമായി കാണുന്നില്ലെന്നായിരുന്നു മാണി വ്യക്തമാക്കിയത്.
കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോവും. കേരളത്തിലെ കര്‍ഷകര്‍ക്ക് വേണ്ടി ഒരേ മനസോട് കൂടി രംഗത്തുണ്ടാകും. ചില മാധ്യമങ്ങളാണ് അനാവശ്യമായി നിസാര സംഭവങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നത്. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന് ആരും വ്യാമോഹിക്കണ്ട. മുന്നണി ബന്ധം സംബന്ധിച്ച് ഉചിതമായി തീരുമാനം പാര്‍ട്ടിയുടെ ഉന്നതാധികാരസമിതി തീരുമാനിക്കുമെന്നും കെഎം മാണി വ്യക്തമാക്കിയിരുന്നു.
ഇടത് കൂട്ടുകെട്ടിലേക്ക് പോകുന്നുവെന്നതിന്റെ മുന്നൊരുക്കമല്ല കോട്ടയത്തുണ്ടായത്. പ്രാദേശികമായി ഉണ്ടാക്കിയ നീക്കുപോക്കുകളെ അപരാധമായി കാണേണ്ട കാര്യമില്ല. യുഡിഎഫിന്റെ ഭാഗമല്ലാത്ത തങ്ങള്‍ക്ക് സ്വതന്ത്രമായി നിലപാടെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് യുഡിഎഫില്‍ ആലോചിക്കേണ്ട കാര്യമില്ല. തന്റെ നിലപാട് എന്നും യുഡിഎഫിനൊപ്പം നില്‍ക്കണമെന്നായിരുന്നു. പ്രാദേശിക തലത്തില്‍ യുഡിഎഫുമായി യോജിച്ചു പോവാന്‍ തന്നെയായിരുന്നു തീരുമാനവും. എന്നാല്‍ കോട്ടയം ഡിസിസിയുടെ പ്രകോപനപരമായ നിലപാടുകളും വിമര്‍ശനങ്ങളുമാണ് ഈ തീരുമാനത്തില്‍ നിന്നും മാറാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം കോട്ടയം ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സിപിഐഎം കേരള കോണ്‍ഗ്രസും കൈകോര്‍ത്തതിനെ ന്യായീകരിച്ച് ജോസ് കെ മാണി എം പി ഇന്നലെ രംഗത്തെത്തിയിരുന്നു. അതിനാല്‍ തന്നെയാണ് മറ്റ് നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള കോണ്‍ഗ്രസിനെ അപമാനിച്ചതിനുള്ള മറുപടിയാണ് കൂട്ടുകെട്ടെന്ന് ജോസ് കെ മാണി പറഞ്ഞു.
പാര്‍ട്ടിയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനുള്ള നടപടി ഉണ്ടായെന്നാണ് വിശ്വസിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനങ്ങളെടുത്തത് ജില്ലാ പഞ്ചായത്ത് അംഗങ്ങളാണ്. പ്രാദേശിക തലത്തില്‍ സിപിഐഎഎമ്മിമായി കൂട്ടു ചേര്‍ന്നത് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.
ബുധനാഴ്ചയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സിപിഐഎമ്മിന്റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി സക്കറിയാസ് കുതിരവേലി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 12 വോട്ട് നേടിയാണ് സക്കറിയാസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
Discussion about this post