ഹേഗ്: കുൽഭൂഷണ് യാദവിന് വധശിക്ഷ വിധിച്ച പാക് നടപടി നിയമ വിരുദ്ധമാണെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആവർത്തിച്ച് ഇന്ത്യ. വിയന്ന കരാറിലെ 36-ാം ചട്ടത്തിന്റെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയിരിക്കുന്നതെന്നും വധശിക്ഷ റദ്ദാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കോടതിയിൽ ഹാജരായത്.
കുൽഭൂഷണ് യാദവിനെ ഇന്ത്യന് ചാരനെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം പാക്ക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും പാക്കിസ്ഥാൻ ഒൗദ്യോഗികമായി അറിയിച്ചില്ല. അറസ്റ്റ് പോലും ഇന്ത്യ അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണ്. ശരിയായ വിചാരണ പോലും നടത്താതെയാണ് ശിക്ഷ വിധിച്ചത്. അതിനാൽ അടിയന്തരമായി ശിക്ഷ മരവിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
മുൻ നാവിക ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷണ് യാദവ് വ്യാപാര ആവശ്യങ്ങൾക്ക് ഇറാനിൽ എത്തിയപ്പോൾ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വധശിക്ഷയ്ക്കെതിരേ കുൽഭൂഷന്റെ മാതാപിതാക്കൾ പാക്കിസ്ഥാൻ കോടതിയെ സമീപിച്ചു. കേസിലെ കുറ്റപത്രം പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറിയിട്ടില്ല. അന്താരാഷ്ട്ര കോടതിയിലെ കേസ് അവസാനിക്കുന്നതു വരെ വധശിക്ഷ റദ്ദ് ചെയ്യണമെന്നും ഇതിനുള്ള നടപടി പാക്കിസ്ഥാൻ സ്വീകരിക്കണമെന്നും സാൽവെ ആവശ്യപ്പെട്ടു. കേസിൽ കുൽഭൂഷനും ഇന്ത്യയ്ക്കും നീതി ലഭിച്ചില്ലെന്നും സാൽവെ വാദിച്ചു.
18 വർഷത്തിന് ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഒരു കേസിൽ എതിർ കക്ഷികളാകുന്നത്. 90 മിനിറ്റ് വീതമാണ് ഇരു രാജ്യങ്ങൾക്കും തങ്ങളുടെ വാദം നിരത്താൻ അന്താരാഷ്ട്ര കോടതിയിൽ ലഭിക്കുന്നത്. പാക്കിസ്ഥാന് വേണ്ടി അറ്റോർണി ജനറൽ അസ്താർ അയൂസഫ് കോടതിയിൽ ഹാജരാകും.
Discussion about this post