ഡല്‍ഹി: ചൈനീസ് കടന്നുകയറ്റത്തെയും അതിര്‍ത്തിയിലെ പ്രകോപനപരമായ നീക്കത്തെയും പൂര്‍ണമായും പ്രതിരോധിക്കാന്‍ സൈനീക വിഭാഗത്തിന്റെ രണ്ടാം ഡിവിഷന്‍ രൂപീകരിക്കാനൊരുങ്ങി ഇന്ത്യ. ചൈനീസ് അതിര്‍ത്തി കാക്കാനുള്ള സൈനീക വിഭാഗത്തിന്റെ രണ്ടാം ഡിവിഷന്‍ രൂപീകരിക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു. നിലവില്‍ ഇന്ത്യ-ചൈനീസ് അതിര്‍ത്തിയില്‍ 17 മൗണ്ടന്‍ സ്‌ട്രൈക് കോര്‍ വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ ഡിവിഷന്‍ കൂടി രൂപീകരിക്കുന്നത്.
പാകിസ്ഥാനുമായുള്ള 778 കി.മീ നീളമുളള നിയന്ത്രണരേഖയിലാണ് ഇപ്പോള്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ചൈനയുമായുള്ള 4057 കി.മീ ലൈന്‍ ഓഫ് ആക്ച്വല്‍ രേഖയില്‍ ശക്തി നേടാനാണ് പുതിയ ഡിവിഷന്‍ രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
പഞ്ചാബിലെ പത്താന്‍കോട്ട് ആസ്ഥാനമാക്കിയുള്ള 72-ാം ഇന്‍ഫന്‍ട്രി ഡിവിഷന്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണ സജ്ജമാക്കും. ആദ്യം ഒരു ബ്രിഗേഡും, പൂര്‍ണ്ണ സജ്ജമാകുമ്പോഴേക്കും മൂന്ന് ബ്രിഗേഡുകകളും ഡിവിഷനില്‍ ഉണ്ടാകുമെന്ന് പ്രതിരോധസേന അറിയിച്ചു.
17 മൗണ്ടന്‍ സ്‌ട്രൈക്ക് കോര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം 2014 ജനുവരിയിലാണ് ആരംഭിച്ചത്. അന്നുണ്ടായിരുന്ന മൂന്ന് സ്‌ട്രൈക്ക് കോര്‍ ഡിവിഷനുകളും പാകിസ്ഥാനില്‍ നിന്നുള്ള ആക്രമണത്തെ ചെറുക്കാനായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2021-ല്‍ സേന പൂര്‍ണ സജ്ജമാകുമ്പോള്‍ ലഡാക്കില്‍ നിന്നും അരുണാചല്‍പ്രദേശ് വരെയുള്ള ചൈനീസ് അതിര്‍ത്തിയില്‍ വന്‍ ആയുധശേഖരവും സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്ന സ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ പരിശീലനം ലഭിച്ച പുതിയ രണ്ട് ഇന്‍ഫന്‍ട്രി ഡിവിഷനുകള്‍ ഉള്‍പ്പടെ കര, വ്യോമ പ്രതിരോധ സംവിധാനങ്ങളടക്കം 90,274 സൈനീകരുണ്ടാകും. പദ്ധതിക്ക് ആകെ 64,678 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍, ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുകള്‍ ഉള്‍പ്പടെ ചൈനീസ് സൈനീക നീക്കത്തെ പ്രതിരോധിക്കാന്‍ 17 കോര്‍ വിഭാഗങ്ങളുണ്ടാകും. ബംഗാളിലെ പനാഗഢിലാണ് 17 കോറിലെ 59-ാം ഇന്‍ഫന്‍ട്രി രൂപീകരിച്ചത്. ഇതിന്റെ പ്രവര്‍ത്തനം സജ്ജമായിക്കൊണ്ടിരിക്കുകയാണ്. അടുത്തതായി 72-ാം ഡിവിഷന്‍ രൂപികരിക്കുകയാണ് ലക്ഷ്യം. 17 കോര്‍ വിഭാഗത്തിന്റെ ആദ്യ സൈനീക അഭ്യാസം ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ലഡാക്കില്‍ ഉണ്ടായേക്കുമെന്നും സൈനീക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post